പ്രിൻസിപ്പൽ വിദ്യാർഥിനികളോട് ലൈംഗികചുവയോടെ സംസാരിച്ചു.

ലൈംഗിക ചുവയോടെ വിദ്യാര്‍ഥികളോട്  സംസാരിച്ചു എന്ന പരാതിയില്‍ തൃശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. എന്നാല്‍ പ്രിന്‍സിപ്പലിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും അധ്യയന സമയത്ത് മൊബൈല്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടാണ് സമരം എന്നുമാണ് അധികൃതരുടെ വിശദീകരണം. പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ അബ്ദുള്‍ സലീമിനെതിരെ വിദ്യാര്‍ഥിനികള്‍ ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിക്കുന്നു എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. വിദ്യാര്‍‌ഥിനികളുടെ ഈ പരാതിയില്‍ പാവറട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. നാനൂറ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജില്‍ നൂറ് സിസിടിവി കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 250 ക്യാമറകളിലൂടെയാണ് വിദ്യാര്‍ത്ഥികളെ രഹസ്യമായി നിരീക്ഷിക്കുന്നത്. പെണ്‍കുട്ടികളുടെ ഗ്രീന്‍ റൂമിലടക്കം ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

പ്രിന്‍സിപ്പലിനെതിരെ പുതിയതായി വന്ന ആരോപണമാണ്. അന്വേഷിക്കും. പരീക്ഷകള്‍ നടക്കുന്നത് കൊണ്ടാണ് സിസിടിവി സ്ഥാപിച്ചത് എന്നാണ് ഈ ആരോപണങ്ങള്‍ക്ക് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അനാവശ്യ പിഴകള്‍ ഈടാക്കുന്നു എന്നും പരാതിയുണ്ട്. കാമ്പസില്‍ മൈബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയാണ് പിഴ. സമരം തുടങ്ങിയതോടെ ആയിരമാക്കി മാറ്റി. എന്നാല്‍ ഇത്രയും വലിയ പിഴ ഒഴിവാക്കണമെന്നും പ്രിന്‍സിപ്പലിനെ അടിയന്തരമായി മാറ്റണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ സമരം.