സിംഹങ്ങൾ കൂട്ടമായി റോഡിലിറങ്ങിയതോടെ ഗുജറാത്ത് ദേശീയ പാതയിലെ ഗതാഗതം താൽകാലികമായി സ്തംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഗുജറാത്തിൽ പിപവാവ് –രജുല ദേശീയ പാതയിലായിരുന്നു അപൂർവ കാഴ്ച. വാഹനത്തിലെ ഡ്രൈവർമാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സിംഹക്കൂട്ടത്തിൻറെ വിഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്ക് യാത്രികർ അപകടകരമായി സിംഹങ്ങളുടെ സമീപത്ത് നിലയുറപ്പിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ദേശീയ പാതയിലെത്തിയ സിംഹങ്ങൾ വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ മറുപുറം കടക്കാനാകാതെ നിൽക്കുകയായിരുന്നു. ഇക്കാരണത്താൽ കുറച്ച് നേരത്തെക്ക് സ്ഥലത്തെ ഗതാഗതം തൽകാലത്തേക്ക് നിർത്തിവെച്ച് സിംഹങ്ങൾ മറുവശം കടന്ന ശേഷമാണ് വീണ്ടും വാഹനങ്ങളെ കടത്തിവിട്ടത്. മുമ്പ് അനേകം സിംഹങ്ങൾക്ക് ഇൗ ഭാഗത്ത് വാഹനങ്ങൾ തട്ടി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.