കെഎസ്‌ആര്‍ടിസി ആടി ഉലയുന്നു. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഹൈക്കോടതി ഉത്തരവിറക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 3861 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ട് ഉത്തരവായി. കൂടാതെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമന ശുപാര്‍ശയും ഇന്നലെ നല്‍കി. 2013 മേയ് ഒന്‍പതിനാണ് റിസര്‍വ് കണ്ടക്ടര്‍ റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചത്. ആദ്യ നിയമന ശുപാര്‍ശ നടന്നത് 2013 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു. 9,300 പേര്‍ക്ക് ഒന്നാം ഘട്ടത്തില്‍ നിയമന ശുപാര്‍ശ നല്‍കി. ഇവരില്‍ 3,808 പേര്‍ക്ക് കെഎസ്‌ആര്‍ടിസി വൈകാതെ നിയമനം നല്‍കി. എന്നാല്‍ 5,492 പേര്‍ നിയമന ഉത്തരവിനായുള്ള കാത്തിരിപ്പ് വര്‍ഷങ്ങളായി തുടര്‍ന്നു. മൂന്നു വര്‍ഷത്തോളമായപ്പോഴാണ് ഇവര്‍ക്കെല്ലാം നിയമന ഉത്തരവ് ലഭിച്ചത്. ലിസ്റ്റിലെ അവസാന നിയമന ശുപാര്‍ശ നടന്നത് 2016 ഡിസംബര്‍ 31നായിരുന്നു. 4,051 പേര്‍ക്കാണ് അന്ന് നിയമന ശുപാര്‍ശ നല്‍കിയത്. ഇവരില്‍ ഒരാള്‍ക്ക്‌പോലും നിയമന ഉത്തരവ് നല്‍കാന്‍ കെഎസ്‌ആര്‍ടിസി തയാറാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോള്‍ അനുകൂല വിധി ലഭിച്ചതും. ഹൈക്കോടതി ഉത്തരവ് കെഎസ്‌ആര്‍ടിസിയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കാനിടയില്ല. നിയമന ശുപാര്‍ശ ലഭിക്കുന്നവരില്‍ വലിയൊരു ശതമാനം കെഎസ്‌ആര്‍ടിസിയില്‍ ജോലിയില്‍ കയറാറില്ലെന്നതാണ് കാരണം. ജോലിയില്‍ പ്രവേശിക്കുന്നവരാകട്ടെ മികച്ച മറ്റു ജോലികള്‍ ലഭിക്കുമ്ബോള്‍ ജോലി ഉപേക്ഷിക്കാറുണ്ട്. കണ്ടക്ടര്‍ ലിസ്റ്റില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്.
അതേസമയം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുമെന്നു കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തൊട്ടാകെ 10,000 കണ്ടക്ടര്‍മാരുണ്ടെങ്കിലും താല്‍ക്കാലിക കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് വടക്കന്‍ കേരളത്തില്‍ സര്‍വീസുകള്‍ മുടങ്ങുന്നതിനു കാരണമാകും. പുതിയ കണ്ടക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതിനു സമയമെടുക്കും. പ്രതിദിനം 500 സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് കെഎസ്‌ആര്‍ടിസി യൂണിയനുകള്‍ പറയുന്നത്. ഇതൊരു അന്തിമ വിധിയല്ലെന്നു താല്‍ക്കാലിക ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സിഎംഡി ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം എംപാനല്‍കാരെ പിരിച്ചുവിടണ്ട എന്നാണ്. അതിനുവേണ്ടിയാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കും. ഇതു താല്‍ക്കാലിക നടപടിയാണ്. താല്‍ക്കാലിക ജീവനക്കാര്‍ നിരാശരാകരുതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അനുകൂല വിധിയുണ്ടായാല്‍ മുഴുവന്‍പേരെയും തിരിച്ചെടുക്കുമെന്നും എം.ഡി ടോമിന്‍ തച്ചങ്കരി ഉറപ്പുനല്‍കി. പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കാന്‍ വൈകിയതിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ചൊവ്വാഴ്ച എംഡി നേരിട്ടെത്തി സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.
മുഴുവന്‍ എംപാനല്‍ കണ്ടക്ടര്‍മാരേയും പിരിച്ചുവിട്ട് പിഎസ്സി ശുപാര്‍ശ ചെയ്തവരെ തിങ്കളാഴ്ചയ്ക്കകം നിയമിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ താക്കീത്. എന്നാല്‍ രാവിലെ കേസ് പരിഗണിച്ചപ്പോഴും ഉത്തരവിറങ്ങാത്തതിനെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. ഒരു എംപാനലുകാരനും ജോലി ചെയ്യുന്നില്ലെന്ന് അടുത്തദിവസം എംഡി നേരിട്ടെത്തി സത്യവാങ്മൂലം നല്‍കണം. അല്ലാത്തപക്ഷം പ്രത്യാഘാതം അനുഭവിക്കാന്‍ തയാറാകണം. കോടതിയെയും ജനങ്ങളെയും കെഎസ്‌ആര്‍ടിസി വിഡ്ഢികളാക്കുകയാണന്നും ഉന്നതപദവിയില്‍ ഇരിക്കുന്നവരെയും നീക്കാന്‍ കോടതിക്ക് അറിയാമെന്നുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടുന്നതോടെ കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായി. 8000 സ്ഥിരം ജീവനക്കാര്‍ വരുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നും മന്ത്രി വിശദമാക്കി. കെഎസ്‌ആര്‍ടിസിയുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
കെഎസ്‌ആര്‍ടിസിയിലെ 3872 എം പാനല്‍ കണ്ടക്ടമാര്‍രെ ഇന്ന് പിരിച്ചുവിടും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും സംസ്ഥാനത്ത് പലയിടത്തും സര്‍വ്വീസ് മുടങ്ങാനാണ് സാധ്യത. കോടതി ഉത്തരവാണെന്ന് പറഞ്ഞ് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് കൈ മലര്‍ത്തുമ്പോള്‍ മാനേജ്‌മെന്റ് കാര്യമായി വാദിച്ചില്ലെന്ന പരാതി ജീവനക്കാര്‍ക്കുണ്ട്. അല്ലെങ്കില്‍ എതിരായ വിധി വരില്ലെന്നാണ് ഇവരുടെ വിശ്വാസം. പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. നാളെ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനാണ് എം പാനല്‍ കണ്ടക്ടര്‍മാർ തീരുമാനിച്ചിട്ടുണ്ട്.