Wednesday, September 11, 2024
HomeNationalതമി‌ഴ്‌നാട് നിയമസഭയില്‍ തമ്മിൽ തല്ലും ബഹളവും

തമി‌ഴ്‌നാട് നിയമസഭയില്‍ തമ്മിൽ തല്ലും ബഹളവും

തമി‌ഴ്‌നാട് നിയമസഭയില്‍ തമ്മിൽ തല്ലും ബഹളവും. വിശ്വാസ വോട്ടെടുപ്പിനിടെ സംഘര്‍ഷവും കൂട്ടത്തല്ലും. രാവിലെ വിശ്വാസവോട്ടിനായി സമ്മേളിച്ചപ്പോള്‍ മുതല്‍ നാടകീയരംഗങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. രണ്ടു വർഷം മുൻപ് കേരള നിയമസഭയിലുണ്ടായ സംഭവവികാസങ്ങളെ ഓർമിപ്പിക്കുന്ന രംഗങ്ങളാണ് ഇന്ന് തമിഴ്നാട് നിയമസഭയിൽ അരങ്ങേറിയത്. രഹസ്യബാലറ്റ് വേണമെന്ന് ആവശ്യപ്പെട്ട് പനീര്‍ശെല്‍വം പക്ഷവും ഡിഎംകെ അടക്കമുള്ള അംഗങ്ങളും പ്രതിഷേധിച്ചതോടെ സംഘര്‍ഷത്തിലേക്കും കയ്യാങ്കളിയിലേയ്ക്കും വഴിമാറുകയായിരുന്നു. 11 മണിക്ക് ആരംഭിച്ച സമ്മേളനം ബഹളത്തെ തുടർന്ന് 1 മണിക്കൂറിനുശേഷം നിർത്തിവച്ചിരുന്നു. സ്പീക്കറുടെ നേരെ ഡി. എം.കെ. അംഗങ്ങൾ കയ്യാങ്കളി നടത്തി ഡയസില്‍ കയറി. സ്പീക്കറുടെ കസേരയും മൈക്കും തല്ലിത്തകർത്തു. ഇതോടെ വോട്ടെടുപ്പ് നിര്‍ത്തിവെച്ച് സ്പീക്കര്‍ ചേംബറിലേക്ക് മടങ്ങി. സഭ ഒരുമണിവരെ നിര്‍ത്തിവെച്ചു. വിശ്വാസവോട്ടെടുപ്പ് സമാധാനപരമായി നടത്താന്‍ അനുവദിക്കാതെ ഡിഎംകെയും പനീർശെൽവ പക്ഷവും സഭയ്ക്കുള്ളില്‍ ആക്രമം അഴിച്ചുവിടുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിനായി ഒരു മണിക്ക് ചേര്‍ന്ന തമിഴ്‌നാട് നിയമസഭ വീണ്ടും നിര്‍ത്തിവെച്ചു.

ബഹളമുണ്ടാക്കിയ ഡിഎംകെ അംഗങ്ങളെ പുറത്താക്കാന്‍ സ്പീക്കര്‍ ധനപാലന്‍ പൊലീസിനും വാച്ച് ആന്റ് വാര്‍ഡിനും നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ അംഗങ്ങള്‍ സഭയില്‍ കുത്തിയിരിന്നു. ജനാധിപത്യം ഉയര്‍ത്തി പിടിക്കാന്‍ രഹസ്യ ബാലറ്റ് വേണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ ആവശ്യപ്പെട്ടു. സംഘർഷം അയവില്ലാതെ തുടർന്നതോടെ പ്രതിപക്ഷ എംഎൽഎമാരെയും പനീർസെൽവം വിഭാഗക്കാരെയും സഭയിൽനിന്നു പുറത്താക്കാൻ സ്പീക്കർ നിർദേശം നൽകി. ഇവരെ ബലം പ്രയോഗിച്ചു നീക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സഭാ നടപടികൾ മൂന്നുമണി വരെ നിർത്തിവയ്ക്കുകയായിരുന്നു. സമ്മേളനം ആരംഭിച്ചതുമുതലേ പളനിസാമിക്കെതിരെ പനീർസെൽവം വിഭാഗവും ഡിഎംകെയും കൈകോർത്തു നീങ്ങുന്ന കാഴ്ചയാണ് തമിഴ്‌നാട് നിയമസഭാ സാക്ഷ്യം വഹിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments