Wednesday, December 4, 2024
HomeNationalയോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്ച

യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്ച

വിവാദപ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ് നിയുക്ത യുപി മുഖ്യമന്ത്രി ആദിത്യനാഥ്

ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാരെന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് ഉത്തരമായി. ശനിയാഴ്ച വൈകിട്ട് ചേര്‍ന്ന നിയമകക്ഷി യോഗമാണ് ആദിത്യനാദിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നിലനിന്ന അനിശ്ചിതത്വങ്ങളാണ് ഇതോടെ മാഞ്ഞുപോയത്.

വര്‍ഗീയ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ആദിത്യനാഥ് എന്ന തീവ്രമുഖത്തെ രംഗത്തിറക്കിയത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ ഞാന്‍ നൂറ് മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റുമെന്നും ഒരു ഹിന്ദു കൊല്ലപ്പെട്ടാല്‍ നമ്മള്‍ നൂറ് മുസ്ലീങ്ങളെ കൊല്ലുമെന്നും’ ഉള്ള വിവാദപ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ് നിയുക്ത യുപി മുഖ്യമന്ത്രിയായ ആദിത്യനാഥ്. ഇത്തരത്തിലുള്ള തീവ്ര വര്‍ഗീയ പ്രസ്താവനകള്‍ നടത്താന്‍ ഒരു തരത്തിലുള്ള മടിയും കാണിക്കാത്ത ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കുന്നതിലൂടെ യുപിയിലെ സവര്‍ണരുടെ താല്‍പര്യമാണ് ബിജെപി സംരക്ഷിക്കുന്നതെന്നാണ് മാധ്യമ റിപ്പോർട്ട്.

യോഗി ആദിത്യനാഥ്, അ‍ഞ്ചു തവണ പാർലമെന്റ് അംഗമായിട്ടുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന് ഖ്യാതിയോടു കൂടിയാണ് 1998 ല്‍ യോഗി ഖോരക്പൂര്‍ എംപിയായി യോഗി ആദിത്യനാഥിന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയായ യോഗി ആദിത്യനാഥിന്റെ യഥാർഥ പേര് അജയ് സിങ് ബിഷ്ത് എന്നാണ്. ഗൊരഖ്നാഥ് മഠാധിപൻ കൂടിയാണ് നാൽപ്പത്തിനാലുകാരനായ യോഗി ആദിത്യനാഥ്.

ഹിന്ദു മത പ്രചാരത്തിന്റെ ഭാഗമായി ഹിന്ദു യുവ വാഹിനിയെന്ന സംഘടന രൂപീകരിച്ചാണ് അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത്‍. ഇന്ത്യയെ ക്രൈസ്തവ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് മദര്‍തെരേസ പ്രവര്‍ത്തിക്കുന്നതെന്നും പാക് ഭീകരന്‍ ഹാഫിസ് സയിദിനെപ്പോലെയാണ് ഷാരൂഖ് ഖാന്റെ ചിന്താഗതികളെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വന്‍ വിവാ‍ദം സൃഷ്ടിച്ചിരുന്നു. സൂര്യനമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ രാജ്യം വിട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അയോധ്യയില്‍ രാമക്ഷേത്രവും മുസ്ലിം പള്ളിയും പണിത് പ്രശ്‌നപരിഹാരമുണ്ടാക്കുന്നത് മക്കയില്‍ ക്ഷേത്രം പണിയുന്നതിന് തുല്യമാണെന്നായിരുന്നു ഒരിക്കല്‍ ആദിത്യനാഥ് പറഞ്ഞത്.

2007 ല്‍ ഖോരക്പൂരില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ യോഗി ആദിത്യ നാഥിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പോകാന്‍ പാടില്ലെന്ന മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനായിരുന്നു യോഗി ആദിത്യ നാഥിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
കഴിഞ്ഞ തെരഞ്ഞടുപ്പ് കാലത്ത് താന്‍ നിര്‍ദേശിക്കുന്ന ആളുകളെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന ആവശ്യമുന്നയിച്ച ആദിത്യനാഥ് ബിജെപിയുമായി നിരന്തരം കലഹിച്ചിരുന്നു. 2007 ലും ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലുമാണ് ഇദ്ദേഹം സീറ്റിനായി കലാപമുയര്‍ത്തിയിരുന്നത്. യു പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി യോഗിയെ ഉയര്‍ത്തികാണിക്കാത്തതിനാല്‍ യോഗിയുടെ സംഘടന ഹിന്ദു യുവവാഹിനി ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. മനോജ് സിന്‍ഹ, പാര്‍ടി സംസ്ഥാന തലവന്‍ കേശവ് പ്രസാദ് മൗര്യ എന്നിവരെയാണ് തള്ളിയാണ് ആദിത്യനാഥിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുള്ളത്. ലക്നൌവിലെ ലോക് ഭവനിലാണ് തെരഞ്ഞെടുക്കപ്പെട്ട 312 ബിജെപി എംഎല്‍എമാര്‍ യോഗം ചേര്‍ന്നത്.

ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ആദിത്യനാഥ് കൂടികാഴ്ച നടത്തിയ ശേഷമാണ് ആദിത്യനാഥിന്റെ മുഖ്യമന്ത്രിപദത്തില്‍ അന്തിമ തീരുമാനം എടുത്തത്. രണ്ട് ഉണ്ടാവും. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരാവും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിമാര്‍ എന്നാണ് അവസാനമായി കിട്ടിയ റിപ്പോർട്ട്.

നിലവില്‍ ലോക്‌സഭാംഗമായതിനാല്‍ യോഗി ആദിത്യനാഥ് എംപി സ്ഥാനം രാജിവച്ച് ആറുമാസത്തിനനുള്ളില്‍ ജനവിധി തേടി നിയമസഭാംഗമാകണം. മുതിര്‍ന്ന ബിജെപി നേതാവ് ഭൂപേന്ദ്രസിംഗ് യാദവും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും നിരീക്ഷകരെന്ന നിലയില്‍ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവര്‍ പങ്കെടുക്കും. ഗവര്‍ണര്‍ റാംനായിക് ലഖ്‌നോവില്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments