വൈദ്യുതി നിരക്കില്‍ നേരിയ വര്‍ധനയ്ക്ക് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ അനുമതി നല്‍കി

പുതിയ വൈദ്യുതി കണക്ഷന്‍ ഓണ്‍ലൈന്‍ വഴി

സാധാരണക്കാരെ സാരമായി ബാധിക്കാത്ത നിലയില്‍ വൈദ്യുതി നിരക്കില്‍ നേരിയ വര്‍ധനയ്ക്ക് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ അനുമതി നല്‍കി. പ്രതിമാസം 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. 40 മുതല്‍ 50 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 10 പൈസ അധികം നല്‍കണം. 50 മുതല്‍ 100 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 പൈസ വീതവും 100 യൂണിറ്റിനു മുകളില്‍ 30 പൈസയും യൂണിറ്റിന് അധികം ഈടാക്കാനും കമീഷന്‍ അംഗീകാരം നല്‍കി.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പരമാവധി കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്‍കാനും കമീഷന്‍ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ആവശ്യപ്രകാരമാണ് കമീഷന്‍ ശുപാര്‍ശ വൈദ്യുതി ബോര്‍ഡിന് നല്‍കിയത്.

തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ കാര്‍ഷിക ഇനങ്ങളുടെ ജലസേചനത്തിനുള്ള വൈദ്യുതിക്ക് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വ്യവസായനിരക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് പിന്‍വലിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ കമീഷന്‍മുമ്പാകെ വച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നാണിത്. കര്‍ഷകര്‍ക്ക് വലിയ ബാധ്യത വരുത്തിയ തീരുമാനമാണ് പിന്‍വലിച്ചത്. ഇവയുടെ തോട്ടങ്ങളെയും കാര്‍ഷികതാരിഫില്‍ ഉള്‍പ്പെടുത്തി.

ജലനിധി, ജലധാര തുടങ്ങിയ കുടിവെള്ളപദ്ധതികള്‍ക്കുള്ള താരിഫ് ഗാര്‍ഹികനിരക്കിലാക്കി. യുഡിഎഫ് സര്‍ക്കാര്‍ ഇത് പമ്പിങ് താരിഫായി ഉയര്‍ത്തിയിരുന്നു. ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് തീരുമാനം. ഗുണഭോക്തൃസമിതികളാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെടുകാര്യസ്ഥതയും ധൂര്‍ത്തും മൂലം സംസ്ഥാന വൈദ്യുതി ബോര്‍ഡിനുണ്ടായ കനത്ത നഷ്ടമാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനയ്ക്ക് കാരണമായി കമീഷന്‍ ചൂണ്ടിക്കാട്ടുന്നത്. 2011-12ല്‍ 1934 കോടിരൂപയുടെയും 2012-13ല്‍ 3999 കോടിയുടെയും അധിക ബാധ്യതയാണ് ബോര്‍ഡിനുണ്ടായത്. ഇത് പരിഹരിക്കാന്‍ കഴിയാതെ ബോര്‍ഡിന്റെ സാമ്പത്തികബാധ്യത കുതിച്ചുയരുകയായിരുന്നു.