കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ (60) അന്തരിച്ചു.മധ്യപ്രദേശിലെ ബട് നഗറിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മധ്യപ്രദേശില്‍നിന്നുള്ള എംപിയാണ്. 2009 മുതല്‍ രാജ്യസഭാംഗമായിരുന്നു. നര്‍മ്മദ നദി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ദവെ അവിവാഹിതനാണ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചിരുന്ന ദവെ അര്‍ബുദരോഗംമൂലം കുറച്ചുനാളായി ചികില്‍സയിലായിരുന്നു.
2016 ജൂലൈ ആറിനാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി അനില്‍ മാധവ് ദവെ ചുമതലയേല്‍ക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവ്ദേക്കറിനെ മാനവവിഭവ മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് പരിസ്ഥിതി പ്രശ്നങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന അനില്‍ ദവെയെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയിലേയ്ക്ക് നിയോഗിക്കപ്പെട്ടത്. കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ ആകസ്മിക വിയോഗം തീരാനഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ടും പ്രധാനപ്പെട്ട വിഷയങ്ങള്‍ താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും മോദി അനുസ്മരിച്ചു.