പ്രമുഖ നിർമാതാവിന്റെ ഭാര്യയായ മലയാള നടിയെ പൾസർ സുനിയുടെ നേതൃത്വത്തിൽ വർഷങ്ങൾക്കു മുൻപു കൊച്ചിയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പോലീസ് പിടിയിലായി. കോതമംഗലം സ്വദേശിയെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരുൾപ്പെടെ നാലു പേരാണു പ്രതികൾ. നിർമാതാവ് ജോണി സാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു സെൻട്രൽ പൊലീസ് ഇന്നലെ വൈകിട്ട് കേസ് റജിസ്റ്റർ ചെയ്തതെന്ന് അസി. കമ്മിഷണർ കെ. ലാൽജി പറഞ്ഞു.
യുവസംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടി സുനിലും സംഘവും ഒരുക്കിയ കെണിയിലാണു നിർമാതാവിന്റെ ഭാര്യ കുടുങ്ങിയതെന്നാണു വിവരം. 2011ൽ നവംബറിലാണു സംഭവം.
ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനിൽകുമാർ. ഇദ്ദേഹത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്നതിനായി യുവനടിയും നിർമാതാവിന്റെ ഭാര്യയായ നടിയും കൊച്ചിയിലേക്കു വരുന്നതറിഞ്ഞാണു സുനി തട്ടിക്കൊണ്ടുപോകലിനു പദ്ധതിയിട്ടത്.
സുനിൽകുമാർ നിർദേശിച്ച പ്രകാരം നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലിന്റെ പ്രതിനിധി എന്ന വ്യാജേന സംഘത്തിലൊരാൾ ജോണി സാഗരികയെ സമീപിച്ചു. നടീനടൻമാർക്കു കുറഞ്ഞ നിരക്കിൽ താമസം ഏർപ്പാടാക്കാമെന്ന വാഗ്ദാനം നൽകി. ഇയാൾ പ്രതിനിധീകരിക്കുന്ന ഹോട്ടൽ മികച്ച ഹോട്ടലായതിനാൽ നടിമാരെ ഇവിടെ താമസിപ്പിക്കാൻ ജോണി സാഗരിക തീരുമാനിച്ചു.
റെയിൽവേ സ്റ്റേഷനിൽനിന്ന് നടിമാരെ ഹോട്ടലിൽ എത്തിച്ചുകൊള്ളാമെന്നായിരുന്നു പ്രതിനിധിയുടെ വാഗ്ദാനം. ഇതനുസരിച്ച് ഡ്രൈവറും മറ്റൊരാളും വാഹനവുമായി സംഭവദിവസം റെയിൽവേ സ്റ്റേഷനിലെത്തി. എന്നാൽ, യുവ നടി എത്തിയില്ല. നിർമാതാവിന്റെ ഭാര്യയായ നടിയും സഹായിയും മാത്രമാണു വന്നത്.
ഇവരെ വാഹനത്തിൽ കയറ്റിയ സംഘം സഹായിയെ കുമ്പളത്തെ ആശുപത്രിയിൽ ഇറക്കി. തുടർന്നു നടിയെ നഗരത്തിൽ കറക്കി. സുനിൽകുമാറിൽ നിന്നു കൃത്യമായ നിർദേശം ലഭിക്കാത്തതിനാലായിരുന്നു ഇതെന്നാണു വിവരം. സംശയം തോന്നിയ നടി ഭർത്താവിനെ ബന്ധപ്പെടുകയും ഭർത്താവ് ജോണി സാഗരികയെ വിവരമറിയിക്കുകയും ചെയ്തു.
കഥയറിയാതെ ജോണി സാഗരിക ഡ്രൈവറായ സുനിൽകുമാറിനെയും കൂട്ടി ഹോട്ടലിലെത്തിയെങ്കിലും നടി കയറിയ വാഹനം ഇവിടെ എത്തിയിരുന്നില്ല. പ്രശ്നമാകുമെന്നു മനസിലായതോടെ അൽപസമയത്തിനകം വാഹനം ഇവിടെയെത്തി. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും മുങ്ങി.
പരാതി പറയാൻ ജോണി സാഗരിക പിറ്റേന്നു തന്നെ സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഡ്രൈവർ സുനിൽ ഒപ്പമുണ്ടായിരുന്നെങ്കിലും എസ്ഐയെക്കണ്ടതോടെ കാർ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു.