രാജ്യത്തിന്റെ 14മത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പാര്‍ലമെന്റിലും 32 നിയമസഭാ മന്ദിരങ്ങളിലുമായി തിങ്കളാഴ്ച പൂര്‍ത്തിയായി. രാവിലെ 10ന് ആരംഭിച്ച വോട്ടിങ് വൈകിട്ട് അഞ്ചിന് അവസാനിച്ചു. 20നാണ് വോട്ടെണ്ണല്‍. എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായ മീരാകുമാറുമാണ് മത്സരരംഗത്തുള്ളത്. പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള കക്ഷികളുടെ വോട്ടുകള്‍ കണക്കാക്കിയാല്‍ 63 ശതമാനം വോട്ടു വരെ കോവിന്ദിന് ലഭിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി 24ന് അവസാനിക്കും. 25ന് പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും.
പാര്‍ലമെന്റിലെ അറുപത്തിരണ്ടാം നമ്പര്‍ ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തി. മറ്റു ചില സംസ്ഥാനങ്ങളില്‍നിന്നുള്ള എംഎല്‍എമാരും പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തി. ത്രിപുരയില്‍ വിമത കോണ്‍ഗ്രസ് എംഎല്‍എയും ആറ് തൃണമൂല്‍ എംഎല്‍എമാരും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു.
തിരുവനന്തപുരത്ത് 138 നിയമസഭാംഗങ്ങള്‍ വോട്ട് ചെയ്തു. നിയമസഭാമന്ദിരത്തില്‍ പ്രത്യേകം തയ്യാറാക്കിയ ബൂത്തില്‍ തിങ്കളാഴ്ച രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞ് 3.30ന് അവസാനിച്ചു. ആദ്യവോട്ട് ചെയ്തത് കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു. തൊട്ടുപിന്നാലെ സിപിഐ എമ്മിലെ ഇ പി ജയരാജനും. ആറാമതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്തു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തുടര്‍ന്നെത്തി. വോട്ടെടുപ്പുസമയം അവസാനിച്ചശേഷം നിയമസഭാ സെക്രട്ടറി വി കെ ബാബുപ്രകാശിന്റെ നേതൃത്വത്തില്‍ ബാലറ്റ് പെട്ടി മുദ്രവച്ചു. വൈകിട്ട് ഏഴരയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. മീരാ കുമാറിന്റെ തെരഞ്ഞെടുപ്പ് ഏജന്റുമാരായി എസ് ശര്‍മയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാംനാഥ് കോവിന്ദിന്റെ ഏജന്റായി ഒ രാജഗോപാലും പ്രവര്‍ത്തിച്ചു.