ഒാഖി ദുരന്തത്തിൽപെട്ടവരുടെ കണക്കുകൾ പെരുപ്പിച്ചുകാട്ടി ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ലത്തീൻസഭ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം. മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകൾ ചിലർ പെരുപ്പിച്ചുകാട്ടുന്നുവെന്നതരത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയിരുന്നു. അതിനുള്ള മറുപടിയായാണ് സൂസപാക്യം ഇപ്രകാരം പ്രതികരിച്ചത്. ലത്തീന്‍ രൂപതകളുടെ ഏകോപനസമിതികളുടെ നിര്‍വാഹകസമിതി യോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഒാഖി ദുരന്തത്തിൽപെട്ട് 70 ഒാളം പേർ വിവിധതീരങ്ങളിൽ ഇപ്പോൾതന്നെ മരിച്ചു. 20 പേരുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. 40ഒാളം പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്. വിവിധതീരങ്ങളിൽനിന്ന് കടലിൽ പോയി കാണാതായ 179 പേർ ഇനിയും മടങ്ങിയെത്താനുണ്ട്. ഇവരെ കാണാനില്ലെന്ന് പൊലീസും എഫ്.െഎ.ആർ തയാറാക്കിക്കഴിഞ്ഞു. ഒാരോ വീട്ടിലും കയറിയിറങ്ങി ശേഖരിച്ച കണക്കാണിത്. ഇല്ലാത്ത കണക്ക് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഓഖി ദുരന്തവും അനുബന്ധ നാശനഷ്ടങ്ങളും കണക്കിലെടുത്ത് തീരമേഖലയുടെ സമഗ്രവികസനത്തിന് 3500 കോടി രൂപയുടെ കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ലത്തീന്‍ സഭ ആവശ്യപ്പെട്ടു. കണ്ടെത്താനുള്ളവരെയും മരിച്ചവരെയും ദുരിതാശ്വാസം സംബന്ധിച്ചും ധവളപത്രം പുറപ്പെടുവിക്കണമെന്നും ലത്തീന്‍ രൂപതകളുടെ ഏകോപനസമിതിയുടെ നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു. ഒാഖി ദുരന്തബാധിതരെ സന്ദർശിക്കാൻ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കാനുള്ള നിവേദനവും തയാറാക്കി. തീരത്തിെൻറ സംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യവികസനം, മത്സ്യബന്ധനത്തിന് ശാസ്ത്രീയ സാഹചര്യമൊരുക്കല്‍, വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ ലഭ്യത, ഭവനനിര്‍മാണം എന്നിവ കേന്ദ്ര പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുമെന്ന് ലത്തീന്‍ അതിരൂപത ആര്‍ച് ബിഷപ് ഡോ.എം. സൂസപാക്യം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
നാവികസേനയിലും തീരസംരക്ഷണ സേനയിലും മറൈന്‍ പൊലീസിലും മത്സ്യത്തൊഴിലാളികള്‍ക്ക് 25 ശതമാനം പ്രാതിനിധ്യം നല്‍കണം. കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടും.
മത്സ്യത്തൊഴിലാളി സമൂഹത്തിലെ വിദ്യാർഥികള്‍ക്കായി സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും യോഗം തീരുമാനിച്ചു. വാര്‍ത്തസമ്മേളനത്തില്‍ കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, സെക്രട്ടറി ആൻറണി ആല്‍ബര്‍ട്ട്, യൂത്ത് കമീഷന്‍ സെക്രട്ടറി ഫാ. പോള്‍ സണ്ണി, എല്‍.സി.വൈ.എം പ്രസിഡൻറ് ഇമ്മാനുവല്‍ മൈക്കിള്‍ എന്നിവരും പങ്കെടുത്തു. ഓഖി ചുഴലിക്കാറ്റിൽ ജീവനും ജീവനോപാധികളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാൻ ഡിസംബർ 21ന് ഓഖി ദുരിതാശ്വാസ ദിനമായി ആചരിക്കാൻ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അന്ന് പ്രത്യേക പ്രാർഥന നടത്തും. വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും രക്ഷാകർത്താക്കളിൽനിന്നും ധനസമാഹരണം നടത്തി 31നകം കെ.സി.ബി.സി ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്രിസ്മസ് ആഘോഷം ആർഭാട രഹിതമാക്കി മിച്ചം വെക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ സമിതി അഭ്യർഥിച്ചു. ഒാഖി ചുഴലിക്കാറ്റിൽ നിരവധി മത്സ്യത്തൊഴിലാളികൾ മരിക്കുകയും കാണാതായവർക്കും സർക്കാർ അടിയന്തര സഹായം എത്തിക്കണമെന്ന് ജനത മത്സ്യത്തൊഴിലാളി യൂനിയർ. മരിച്ചവർക്കും കാണാതായവർക്കുമുള്ള ധനസഹായം ഇൻഷുറൻസ് ഉൾപ്പെടെ 25 ലക്ഷം രൂപയും മത്സ്യബന്ധന ഉപകരണങ്ങൾക്ക് അർഹമായ സാമ്പത്തികസഹായവും ഒരു കുടുബത്തിലെ ഒരാളിന് സർക്കാർ ജോലിയും അപകടത്തിൽപ്പെട്ട് അവശതയിൽ കഴിയുന്നവർക്ക് അഞ്ചുലക്ഷവും നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ജനത മത്സ്യത്തൊഴിലാളി യൂനയൻ സർക്കാറിനോട് ആവശ്യപ്പെട്ടു.