മലയാളത്തിൽ കഴിഞ്ഞ അഞ്ചു വർഷം നിർമിച്ച എല്ലാ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താൻ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ തീരുമാനിച്ചു. ഷൂട്ടിങ് ലൊക്കേഷനുകളും കർശന നിരീക്ഷണത്തിലാക്കി. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി വിദേശത്തു നിന്നു ഹവാല റാക്കറ്റു വഴി കോടികൾ മലയാള സിനിമയിലേക്ക് ഒഴുകിയെത്തിയെന്നാണു അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി തന്നെ ഹവാല കാരിയറാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. നടിയെ ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അവലോകന റിപ്പോർട്ട് തയാറാക്കി. ദിലീപിന്റെയും ബന്ധുക്കളുടെയും പേരിൽ 600 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ‘ഡി സിനിമാസ്’ ആഡംബര തിയറ്റർ സമുച്ചയത്തിൽ മറ്റു പലരുടെയും ബെനാമി നിക്ഷേപമുള്ളതിന്റെ തെളിവുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്. ദിലീപിന്റെ വിദേശ സ്റ്റാർ ഷോ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു തുടങ്ങി. ക്വട്ടേഷൻ മാനഭംഗക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ മാർച്ച് പകുതിയോടെ ദിലീപിന്റെ ബെനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഒരു അക്കൗണ്ടിൽ നിന്നും വൻതുക ഒരു ചലച്ചിത്ര പ്രവർത്തകയുടെ അക്കൗണ്ടിലേക്കു മാറ്റിയതിന്റെ തെളിവു ലഭിച്ചിട്ടുണ്ട്.
നടിയെ ഉപദ്രവിച്ച കേസിൽ പ്രത്യേക പൊലീസ് സംഘം ഇപ്പോൾ നടക്കുന്ന അന്വേഷണത്തിനിടയിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങൾ പ്രത്യേക ഫയലായാണു സൂക്ഷിക്കുന്നത്. ഈ അന്വേഷണം പൂർത്തിയാക്കുന്നതോടെ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും.