കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷമായ ബീഹാറില്‍ നിന്നും കണ്ണീരണിയിക്കുന്ന ഒരു അപകട വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബലക്ഷയം ബാധിച്ച പാലത്തിലൂടെ മറുകരയിലെത്താന്‍ ഓടിപോകുമ്പോള്‍ പാലം തകര്‍ന്ന് ഒരു കുഞ്ഞടക്കമുള്ള മൂന്നംഗ കുടുംബം ഒഴിക്കില്‍പ്പെടുതാണ് വീഡിയോയില്‍. ബീഹാറിലെ അറാറിയ ജില്ലയില്‍ നിന്നുള്ള ഈ ദൃശ്യം സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതിയുടെ തീവ്രത വെളിപ്പെടുത്തുന്നതാണ്.
ആളുകള്‍ ചുറ്റും നോക്കി നില്‍ക്കേയായിരുന്നു സംഭവം. പാലത്തിന്റെ മറുകരയിലെത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയായിരുന്നു അപകടം. മൂന്നംഗ കുടുംബത്തിലെ ഒരാള്‍ക്ക് മാത്രം കല്ലില്‍ പിടിച്ച് രക്ഷപ്പെടാനായി. എന്നാല്‍ കുട്ടിയേയും സ്ത്രീയേയും ഒഴുക്കില്‍പ്പെട്ട് കാണാതായി.
വെള്ളപ്പൊക്കത്തില്‍ ബിഹാറില്‍ ഇതുവരെ 98 പേര്‍ മരിച്ചിട്ടുണ്ട്. 16 ജില്ലകളിലായി 98 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലും ഇന്ത്യയുടെ വടക്കന്‍ മേഖലകളില്‍ കനത്ത പേമാരിയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്.