മധ്യപ്രദേശില്‍ സവര്‍ണന്റെ കൃഷിയിടത്തില്‍ ജോലിക്കു പോകാന്‍ വിസമ്മതിച്ച ദളിത് യുവതിയുടെ മൂക്ക് വെട്ടിയെടുത്തു. റാസ ഗ്രാമത്തിലാണ് ജന്‍കി ഭായ് എന്ന യുവതിയുടെ മൂക്ക് മേല്‍ജാതിയില്‍പ്പെട്ട നരേന്ദ്ര സിങ്ങും അച്ഛന്‍ സഹേബ് സിങ്ങും ചേര്‍ന്ന് വെട്ടിയത്.
കൃഷിയിടത്തില്‍ കീടനാശിനി തളിക്കണമെന്ന ആവശ്യം ജന്‍കി നിരാകരിച്ചതിനെ തുടര്‍ന്നായിരുന്നു അക്രമം. ആദ്യം അച്ഛനും മകനും ചേര്‍ന്ന് യുവതിയെ മര്‍ദിച്ചു. പൊലീസില്‍ പരാതിപ്പെടാന്‍ പോയ ജന്‍കിയെയും ഭര്‍ത്താവിനെയും വഴിയില്‍ തടഞ്ഞു. ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തിയശേഷം ജന്‍കിയുടെ മൂക്ക് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വെട്ടുകയായിരുന്നു. മൂക്ക് അറ്റുവീണ നിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, സംഭവം നിസ്സാരവല്‍ക്കരിക്കാനാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ശ്രമം. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് ആക്രമണത്തിലെത്തിയതെന്നും കരുതിക്കൂട്ടിയല്ല യുവതിയുടെ മൂക്ക് മുറിച്ചതെന്നുമാണ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ്ങിന്റെ പ്രതികരണം.