Thursday, March 28, 2024
HomeKeralaകരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ പൊട്ടിപ്പുറപ്പെട്ട കോളറ കേരളത്തിലും

കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ പൊട്ടിപ്പുറപ്പെട്ട കോളറ കേരളത്തിലും

സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ നിന്നു റിപ്പോർട്ട് ചെയ്ത കോളറ രോഗാണുക്കൾ കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധിക്കു കാരണമായ ‘ഹെയ്ത്തിയൻ വേരിയന്റ് ആണെന്നും ഇവ ആന്റിബയോട്ടിക്ക് പ്രതിരോധശേഷി ആർജിച്ചു കഴിഞ്ഞെന്നും തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ഗവേഷണത്തിൽ കണ്ടെത്തി.

പരിസര ശുചിത്വം ഉൾപ്പെടെയുള്ള മുൻകരുതലുകൾ ഗൗരവമായി കൈക്കൊണ്ടിട്ടില്ലെങ്കിൽ കേരളത്തിലും സ്ഥിതി ഗുരുതരമാവാൻ സാധ്യതയുണ്ടെന്ന് ആർജിസിബിയിലെ ഗവേഷകർ മുന്നറിയിപ്പു നൽകി. ജലജന്യ രോഗങ്ങളിൽ മനുഷ്യന് ഏറ്റവും ഭീഷണി ഉയർത്തുന്നതാണ് കോളറ.

കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ ഇതര സംസ്ഥാന തൊഴിലാളികളിലാണ് ഏറെ നാളുകൾക്കു ശേഷം കോളറ കണ്ടെത്തിയത്. ആരോഗ്യവകുപ്പിന്റെ കണക്കിൽ നാലു കേസുകൾ മാത്രമേ ഉള്ളൂവെങ്കിലും മുൻകരുതലുകൾ എടുത്തില്ലെങ്കിൽ കോളറ പടർന്നേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

കൃത്യമായ മാലിന്യസംസ്കരണവും പരിസര ശുചിത്വവും ഇല്ലാത്തത് കേരളത്തിലെ സ്ഥിതി ഗൗരവതരമാക്കുന്നുണ്ട്. തീരദേശങ്ങളിൽ നിന്നു റിപ്പോർട്ട് ചെയ്തിരുന്ന രോഗം ഇപ്പോൾ മറ്റു ജില്ലകളിലേക്കു പടരുന്നത് ഗരുതരമാണെന്ന് ആർജിസിബി ശാസ്ത്രജ്ഞനും ലോകാരോഗ്യ സംഘടനയുടെ കോളറ നിയന്ത്രണ വിഭാഗം ടാസ്ക് ഫോഴ്സ് അംഗവുമായ ഡോ. സാബു തോമസ് ചൂണ്ടിക്കാട്ടി.

വിബ്രിയോ കോളറ എന്ന സൂക്ഷ്മാണു വഴിയുണ്ടാകുന്ന അതികഠിനമായ വയറിളക്ക രോഗമാണു കോളറ. പരമ്പരാഗത വിഭാഗമായ ക്ളാസിക്കൽ വിബ്രിയോകളായിരുന്നു ആദ്യകാലത്ത് കണ്ടെത്തിയിരുന്നതെങ്കിലും ഇപ്പോൾ അതിന് ഏറെ ജനിതക മാറ്റം സംഭവിച്ചതായി ഗവേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഹെയ്ത്തിയിൽ 2010 ൽ ആയിരക്കണക്കിന് ആളുകളുടെ മരണത്തിലേക്കു നയിച്ച രോഗാണുവിനോട് സമാനമാണ് കേരളത്തിലേതും.

കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളും നീണ്ട കടൽത്തീരവും ശുദ്ധജല ലഭ്യതയിലുള്ള പോരായ്മയും രോഗാണുവിന്റെ വളർച്ചയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. കോളറ രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ നാല്് അഞ്ച്് ദിവസത്തിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ പ്രകടമാകും.

കഠിനമായ അതിസാരവും തളർച്ചയും ഒപ്പം ഛർദ്ദിയുമാണ് പ്രധാന ലക്ഷണങ്ങൾ. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും രോഗത്തിന്റെ തീവ്രത കൂടുതലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments