പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ യാത്രയ്ക്ക് വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളി. വ്യോമപാത തുറന്നു നല്‍കില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി അറിയിച്ചു. പാകിസ്താനിലെ ഇന്ത്യന്‍ഹൈക്കമ്മീഷനെയും പാകിസ്താന്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്താന്റെ അനുമതി തേടിയിരുന്നത്. സെപ്റ്റംബര്‍ 21 ആണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. സെപ്റ്റംബര്‍ 27 നാണ് യുഎന്‍ സമ്മേളനം ആരംഭിക്കുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്താന്‍ ഇന്ത്യയിലേക്കുള്ള വ്യോമപാത അടച്ചത്. യുഎന്‍ സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കശ്മീര്‍ വിഷയത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയേക്കും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളിക്കളഞ്ഞത്.