ശബരിമലയില്‍ മണ്ഡല ഉത്സവത്തിന് നടതുറന്ന് ആദ്യദിനത്തിലെ മൊത്ത വരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. മൊത്തവരുമാനത്തില്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് അമ്പതു ശതമാനത്തില്‍ അധികമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
നടവരവ് ആദ്യദിനം 1,00,10900 രൂപ ലഭിച്ചു. 2018ല്‍ 7588950 രൂപയും 2017ല്‍ 7585185 രൂപയും നടവരവ് ലഭിച്ചു. അപ്പം വില്‍പ്പനയിലൂടെ 13,98110 രൂപ ലഭിച്ചു(2018ല്‍ 582715 രൂപ, 2017ല്‍ 1100295 രൂപ). അരവണ വില്‍പ്പനയിലൂടെ ഈവര്‍ഷം ആദ്യദിനം 1,19,50,050 രൂപ ലഭിച്ചു(2018ല്‍ 7245070 രൂപ, 2017ല്‍ 12621280 രൂപ).
കഴിഞ്ഞ വര്‍ഷം മണ്ഡല ഉത്സവത്തിനു നട തുറന്ന് ആദ്യദിനം ലഭിച്ച മൊത്തവരുമാനം 2,04,23533 രൂപയായിരുന്നു(2017ല്‍ 4,34,33048 രൂപ). 2017ല്‍ കരാര്‍ ഇനത്തില്‍ 1,48,10454 രൂപ ലഭിച്ചു. 2018ല്‍ കരാര്‍ ഇനത്തില്‍ 2,84,3375 രൂപ ലഭിച്ചു. ഈവര്‍ഷം ആദ്യദിന കണക്ക് അനുസരിച്ച് കരാര്‍ ഇനത്തില്‍ 1,83,5503 രൂപ ലഭിച്ചു. അന്നദാന സംഭാവന ഇനത്തില്‍ ആദ്യദിനം 510320 രൂപയും കഴിഞ്ഞവര്‍ഷം 68987 രൂപയും 2017ല്‍ 360879 രൂപയും ലഭിച്ചു.
വളരെ സുഗമമായിട്ട് തീര്‍ഥാടനം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഭക്തര്‍ അയ്യപ്പദര്‍ശനത്തിനു ശേഷം സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് മടങ്ങുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
40000 പേര്‍ക്ക് വരെ അന്നദാനത്തിനുള്ള സൗകര്യം ഇപ്പോഴുണ്ട്.
അപ്പം, അരവണ എന്നിവയും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പെയ്ത മഴ മൂലം ശര്‍ക്കര കൃത്യസമയത്ത് എത്തിക്കാന്‍ അവിടെ നിന്ന് കരാറെടുത്ത സ്ഥാപനത്തിന് കഴിഞ്ഞില്ല . ഇക്കാര്യം അവര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് തന്നെ ശര്‍ക്കരയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടിവെള്ളം ഉള്‍പ്പടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പൂര്‍ണ തോതില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കിയുള്ള തീര്‍ഥാടനമാണ് ലക്ഷ്യം. എത്രയൊക്കെയാണേലും പ്ലാസ്റ്റിക് ഇപ്പോഴും ഭീഷണിയാണ്. അത് പൂര്‍ണമായും ഒഴിവാക്കാനായിട്ടില്ല. ഇരുമുടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് കൂടുകള്‍ ഒഴിവാക്കുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തി വരുന്നുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു