ആര്‍ദ്രം പദ്ധതി ജനകീയ പങ്കാളിത്തത്തോടെ പത്തനംതിട്ട ജില്ലയില്‍ സജീവമാക്കുവാന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പില്‍ നടപ്പിലാക്കിവരുന്ന ആര്‍ദ്രം പദ്ധതിക്ക് കൂടുതല്‍ ജനപങ്കാളിത്തം ലഭിക്കുന്നതിനായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണു തീരുമാനം. ആര്‍ദ്രം പദ്ധതി തുടങ്ങിയതിനുശേഷം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ജില്ലയില്‍ കൂടുതല്‍ മെച്ചപ്പെട്ടുവെങ്കിലും മികച്ച സൗകര്യങ്ങള്‍ ജനങ്ങള്‍ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ല. 50 ശതമാനത്തില്‍ താഴെ ജനങ്ങള്‍ മാത്രമാണു നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. സ്വകാര്യ ആശുപത്രികള്‍ക്കു തുല്യമായതോ അതിനേക്കാള്‍ മികച്ചതോ ആയ സൗകര്യങ്ങള്‍ ഇന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്നുണ്ട്. പകര്‍ച്ചേതര രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്‌രോഗം, മസ്തിഷ്‌കാഘാതം, കാന്‍സര്‍ തുടങ്ങിയവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തേണ്ടതും ആവശ്യമാണ്. ആരോഗ്യരംഗത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനായി വാര്‍ഡ്തലം മുതല്‍ ജനകീയ പങ്കാളിത്തതോടെ ആര്‍ദ്രം ജനകീയ കാമ്പയിന്‍ ജില്ലയില്‍ നടപ്പാക്കുന്നതിനാണു ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി ജില്ലയിലെ എംഎല്‍എമാരുടെ അധ്യക്ഷതയില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യോഗം ചേരും. പിന്നീട് ബ്ലോക്ക്, മുന്‍സിപ്പല്‍, പഞ്ചായത്ത്തല യോഗങ്ങളും വാര്‍ഡ്തല യോഗങ്ങളും ചേര്‍ന്നു ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. മികച്ച സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ലഭിക്കുന്നതിനു ബുദ്ധിമുട്ടില്ല. എന്നാല്‍ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. നല്ല ആരോഗ്യ ശീലങ്ങളും ഭക്ഷണശീലങ്ങളും നമ്മുടെ സമൂഹത്തില്‍ ആവശ്യമാണ്. ലഹരി വസ്തുകള്‍ ഉപയോഗിക്കുകയും ചെയ്യരുത്. വ്യക്തി ശുചിത്വത്തിന്റെ കാര്യത്തില്‍ നമ്മള്‍ മുന്നിലാണെങ്കില്‍ വ്യായാമം പോലുള്ള ആരോഗ്യശീലങ്ങളില്‍ പിന്നിലാണ്. രണ്ടുതരത്തിലുള്ള ആളുകള്‍ മാത്രമാണു പ്രധാനമായും വ്യായാമത്തിനു ഇപ്പോള്‍ സമയം കണ്ടെത്തുന്നത്. പലവിധ അസുഖങ്ങളാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വ്യായാമം ചെയ്യുന്നവരും ചെറുപ്പക്കാരും മാത്രമാണ് വ്യായാമത്തില്‍ ശ്രദ്ധിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ളവര്‍ ദിവസവും അര മണിക്കൂറെങ്കിലും നടക്കുന്നത് പോലെയുള്ള വ്യായാമങ്ങള്‍ ശീലമാക്കണം. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന ബോധ്യത്തോടെ സമീപിച്ചാല്‍ മാത്രമേ ആര്‍ദ്രം പദ്ധതി യഥാര്‍ഥ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. രോഗപ്രതിരോധം, ആരോഗ്യവര്‍ധകം എന്നിവ അടിസ്ഥാനമാക്കി അഞ്ചു വിഷയങ്ങളില്‍ ഊന്നിയാണ് ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ജില്ലയില്‍ നടപ്പാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമവും കായിക പ്രവര്‍ത്തികളും, ലഹരിനിര്‍മാര്‍ജനവും മാനസികാരോഗ്യവും, ശുചിത്വവും മാലിന്യ നിര്‍മാര്‍ജനവും, ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തല്‍ എന്നിവയാണ് അഞ്ചു വിഷയങ്ങള്‍. സമഗ്ര പ്രാഥമിക ആരോഗ്യ പരിചരണം, ചികിത്സാ ചിലവ് കുറയ്ക്കല്‍, ജനസൗഹൃദപരമായ ആശുപത്രികള്‍ എന്നിവയില്‍ ഊന്നിയുള്ള സേവനങ്ങളാണ് ആര്‍ദ്രം മിഷനിലൂടെ ലക്ഷ്യമാക്കുന്നത്. സമഗ്ര പ്രാഥമിക ആരോഗ്യ പരിചരണം എന്നത് രോഗപ്രതിരോധം, ആരോഗ്യവര്‍ധകം, ചികിത്സ, പുനരധിവാസം(റിഹാബിലിറ്റേഷന്‍), സാന്ത്വനം(പാലിയേറ്റീവ്) എന്നീ അഞ്ച് ഘടകങ്ങളില്‍ ഊന്നിയുള്ളതാണ്. ചികിത്സ, പുനരധിവാസം(റിഹാബിലിറ്റേഷന്‍), സാന്ത്വനം(പാലിയേറ്റീവ്) എന്നീ രംഗങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും രോഗപ്രതിരോധം, ആരോഗ്യവര്‍ധകം എന്നീ കാര്യങ്ങള്‍ വ്യക്തികള്‍ തന്നെ സ്വയം ഏറ്റെടുത്ത് ചെയ്യേണ്ടതാണ്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണെന്ന ബോധ്യത്തോടെ മുന്നോട്ടുപോയാല്‍ മാത്രമേ ലക്ഷ്യത്തിലേക്ക് എത്തു. ജനപ്രതിനിധികളുടെ സഹകരണത്തോടെ എല്ലാവിഭാഗം ജനങ്ങളേയും സംഘടനകളേയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുമാണ് ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജനുവരി രണ്ടാം വാരം ജില്ലാതല ഉദ്ഘാടനം നടത്തുവാണ് ഉദ്ദേശിക്കുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഡിഎംഒ(ആരോഗ്യം)ഡോ.എ.എല്‍ ഷീജ, ആര്‍ദ്രംമിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ആര്‍ദ്രം മിഷന്‍ ജില്ലാ അസി.നോഡല്‍ ഓഫീസര്‍ ഡോ.സി.ജി ശ്രീരാജ്, ജീവിതശൈലീ രോഗനിയന്ത്രണ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ.എം.എസ് രശ്മി, ഡോ.ഓം നാഥ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആര്‍ദ്രം പദ്ധതി ജനകീയ പങ്കാളിത്തത്തോടെ ജില്ലയില്‍ സജീവമാക്കും
RELATED ARTICLES