30,000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് പാൻ കാർഡ് നിർബന്ധം. ഇപ്പോൾ 50,000 രൂപയാണ് പരിധി. 1 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്കും കടകളിൽ പാൻ വിവരങ്ങൾ നിർബന്ധമാക്കും. ഇപ്പോൾ രണ്ടു ലക്ഷം രൂപയാണ് ഇതിനുള്ള പരിധി. പരിധി കുറയ്ക്കുന്ന പ്രഖ്യാപനം പൊതു ബജറ്റിൽ ഉണ്ടാകുമെന്നാണു വിവരം.
കള്ളപ്പണം ഉണ്ടാകാനുള്ള സാധ്യത തടയുക, കറൻസിയില്ലാത്ത സമ്പദ്ഘടനയിലേക്കു മാറുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. പാൻകാർഡ് ഇല്ലാത്തവർ ആധാർ നമ്പർ നിർബന്ധമായും നൽകണം.
ഒരുലക്ഷം രൂപയോ അതിലധികമോ ഒറ്റത്തവണയായി ക്രെഡിറ്റ് കാർഡ് ഇടപാടിന്റെ ഭാഗമായി അടച്ചതു സംബന്ധിച്ച വിവരങ്ങൾ ആദായനികുതി വകുപ്പിനു റിപ്പോർട്ട് ചെയ്യണം. ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ പത്തുലക്ഷത്തിലേറെ രൂപ ഒരു വർഷം അടച്ചതും റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയും നിലവിൽ വരും.
നോട്ട് അസാധുവാക്കലിനു ശേഷം അക്കൗണ്ടുകളിൽ പത്തു ലക്ഷമോ അതിലധികമോ രൂപ നിക്ഷേപിച്ചവർ പണത്തിന്റെ സ്രോതസ് റിപ്പോർട്ട് ചെയ്യണം. ആദായനികുതി വകുപ്പ് ഇതിനു വേണ്ടി ഒന്നര ലക്ഷത്തോളം പേർക്ക് നോട്ടീസു അയക്കും.
ഒരു ലക്ഷം രൂപ ഉപയോഗിച്ചുള്ളതോ അതിനു മേൽ ക്രെഡിറ്റ് ഉപയോഗിച്ചുള്ളതോ ആയ വിനിമയങ്ങളും പരിശോധിക്കും. സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ ഒരു സാമ്പത്തിക വർഷം പത്തു ലക്ഷമോ അധിലധികമോ നിക്ഷേപം നടത്തുന്നവർ നിർബന്ധമായും സ്രോതസ് വെളിപ്പെടുത്തണം. ഷെയറുകൾക്കും മ്യൂച്വൽ ഫണ്ടുകൾക്കും പുതിയ പരിധി നിശ്ചയിച്ചിട്ടുണ്ട്. പത്തു ലക്ഷത്തി ല ധികം രൂപയുടെ മൂല്യമുള്ള ഷെയറുകൾ വാങ്ങുന്നവരും വിശദ വിവരങ്ങൾ വെളിപ്പെടുത്തണം. ട്രാവലേഴ്സ് ചെക്ക് ഉൾ പ്പെടെ വിദേശ വിനിമയത്തിന്റെ ഭാഗമായി പത്തു ലക്ഷം രൂപയിലധികമുള്ള വിനിമയങ്ങളുടെ വിവരങ്ങളും നിർബന്ധമായും വെളിപ്പെടുത്തണം. 30 ലക്ഷത്തിനു മുകളിലുള്ള വസ്തു കച്ചവടത്തിനു മേലും ആദായ നികുതി വകുപ്പിന്റെ പിടി വീഴും.
നിക്ഷേപകർ നികുതി വകുപ്പിന് ഓണ്‍ലൈനായി പണ സ്രോതസിനേക്കുറിച്ച് അന്വേഷിക്കുമ്പോൾ വിശദീകരണം നൽകണം. ഇതിനായി കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോം ക്രമീകരിച്ചിട്ടുണ്ട്. നികുതി വകുപ്പ് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. എല്ലാ രേഖകളും ഓണ്‍ലൈനായി സമർപ്പിക്കാൻ കഴിയും.