കര്‍ണാടകയില്‍നിന്ന് കഞ്ചാവ് എത്തിച്ച് നഗരത്തിലും പരിസരത്തും വില്‍പ്പന നടത്തുന്ന ബംഗളുരു സ്വദേശി പിടിയില്‍. കല്ലായി ആനമാട് താമസിക്കുന്ന റിയാസ് (ഇസ്മായില്‍ ഭായ് – 48) ആണ് 1.7 കിലോഗ്രാം കഞ്ചാവുമായി കസബ പൊലീസിന്റെ പിടിയിലായത്.
സിറ്റി പൊലീസ് തയ്യാറാക്കിയ വാര്‍ ഓണ്‍ ഡ്രഗ്സിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് വില്‍പ്പനക്കെതിരായ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി കസബ പൊലിസ് സ്റ്റേഷനില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയില്‍നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്.
നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ 15 വര്‍ഷമായി ഇയാള്‍ വാടകക്ക് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങിളില്‍നിന്ന് കഞ്ചാവ് മൊത്തമായി ശേഖരിച്ച് ഇടനിലക്കാര്‍ക്കും ആവശ്യക്കാര്‍ക്കും വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതി. വീടുകളില്‍നിന്ന് പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച് പകരം പ്ളാസ്റ്റിക് പാത്രങ്ങള്‍ നല്‍കുന്ന ജോലിക്കാരനെന്ന വ്യാജേനയാണ് ഇയാളുടെ കഞ്ചാവ് വില്‍പ്പന.
വാര്‍ ഓണ്‍ ഡ്രഗ്സ് പദ്ധതിയില്‍ രഹസ്യ വിവരങ്ങള്‍ കൈമാറാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പെട്ടിയില്‍ നിക്ഷേപിക്കുന്ന ഏതുതരത്തിലുള്ള വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. നിര്‍ണായക വിവരങ്ങള്‍ക്ക് പാരിതോഷികം നല്‍കും. കസബ സിഐ പി പ്രമോദിന്റെ നേതൃത്വത്തില്‍ എസ്ഐ എസ് സജീവ്, എസ് മോഹന്‍ദാസ്, സിപിഒമാരായ ശ്രീലിങ്സ്, സപ്തസ്വരൂപ്, ഷിജു, പ്രമോദ്, വിനോദ്, വനിതാ പൊലീസുകാരായ ധീര, വന്ദന, രമ്യ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.