ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് വഡോദരയില്‍ തുടക്കം. ഇന്ന് 10 ഫൈനലുകള്‍ നടക്കും. മീറ്റിലെ വേഗതയേറിയ താരങ്ങളെയും ഇന്ന് നിര്‍ണ്ണയിക്കും.
പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ച സ്‌കൂള്‍ മീറ്റിലെ സീനിയര്‍, സബ്ജൂനിയര്‍ മത്സരങ്ങള്‍ കഴിഞ്ഞ മാസം പൂനെയിലെ ബാലെവാഡി സ്‌റ്റേഡിയത്തില്‍ നടന്നിരുന്നു. സീനിയര്‍ വിഭാഗത്തില്‍ കേരളം ചാമ്പ്യന്മാരായപ്പോള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ആറാമതായി.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിദ്യാഭാരതി, സിബിഎസ്ഇ, ഐപിഎസ്ഇ ഉള്‍പ്പടെ 42 ടീമുകളാണ് വഡോദരയിലെ മഞ്ചല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മീറ്റില്‍ പങ്കെടുക്കുന്നത്.
53 അംഗ സംഘമായിരുന്നു കേരളത്തിനായി ജൂനിയര്‍ മീറ്റില്‍ മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ നാലുപേര്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി പിന്മാറിയതോടെ അംഗങ്ങളുടെ എണ്ണം 49 ആയി. ഉഷ സ്‌കൂളിലെ അതുല്യ ഉദയനും ടി. സൂര്യമോള്‍ക്കും പിന്നാലെ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വി.ഡി അഞ്ജലിയും കുളത്തുവയല്‍ സ്‌കൂളിലെ വിഗ്നേഷ് നമ്പ്യാരും ടീമില്‍ നിന്നും പിന്‍മാറി.