മെയ് 30ന് കൊച്ചി മെട്രോ ഉദ്ഘാടനം നടത്തുമെന്ന് പറഞ്ഞത് തെറ്റിദ്ധാരണയുടെ പുറത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടന തീയതി ഇതുവരെ ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ല. ഏപ്രില്‍ 11ന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ലയെന്നത് സത്യമാണ്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രി എത്തില്ലയെന്നു മറുപടിയാണെങ്കിൽ മാത്രമേ മറ്റൊരു സാധ്യതയെക്കുറിച്ചു ചിന്തിക്കുകയുള്ളൂ. അതുവരെ പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ തീയതിക്കായി സർക്കാർ കാത്തിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിണറായി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെട്രോയുടെ ഉദ്ഘാടനം മെയ് 30ന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ആലുവയില്‍ വെച്ചായിരിക്കും ഉദ്ഘാടനം. ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുന്നില്ലെങ്കിൽ അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. കടകംപള്ളിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് മെട്രോ വിഷയത്തില്‍ പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്.