യൂണിറ്റി ടാസ്ക്ക് ഫോഴ്‌സില്‍ ജനറല്‍ വിവേക് മൂര്‍ത്തിയും പ്രമീളാ ജയ്പാലും

വാഷിങ്ടന്‍ ഡിസി : ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ജൊ ബൈഡനും മത്സര രംഗത്തു നിന്നും അവസാനം പിന്‍മാറിയ ബേര്‍ണി സാന്റേഴ്‌സും നിയമിച്ച യൂണിറ്റി ടാസ്ക് ഫോഴ്‌സില്‍ മുന്‍ സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി, യുഎസ് പ്രതിനിധി പ്രമീള ജയ്പാല്‍ എന്നീ ഇന്ത്യന്‍ വംശജരെ ഉപാദ്ധ്യക്ഷന്മാരായി നോമിനേറ്റ് ചെയ്തു. പാര്‍ട്ടിയുടെ ഐക്യം നിലനിര്‍ത്തുന്നതിനും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനുമായി രാഷ്ട്രം ഇന്നഭിമുഖീകരിക്കുന്ന പ്രധാന ആറു വിഷയങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനുമാണു യൂണിറ്റി ടാസ്ക് ഫോഴ്‌സ്.

ഇക്കണോമി, എജ്യുക്കേഷന്‍, ഇമ്മിഗ്രേഷന്‍, ഹെല്‍ത്ത് കെയര്‍, കാലാവസ്ഥമാറ്റം, ക്രിമിനല്‍ ജസ്റ്റിസ് റിഫോം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട പ്രധാന ആറു വിഷയങ്ങള്‍. ഇതില്‍ ഹെല്‍ത്ത് പാനലിന്റെ ഉപാധ്യക്ഷന്‍മാരായിട്ടാണ് ഇരുവര്‍ക്കും സ്ഥാനം നല്‍കിയിരിക്കുന്നത്. ഡമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്‍ ഫ്‌ലാറ്റ് ഫോമില്‍ കമ്മിറ്റി യൂണിറ്റി ടാസ്ക്ക് ഫോഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. 2020 ലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ അജണ്ട തയാറാക്കും.

ബൈഡനും ബെര്‍ണി സാന്റേഴ്‌സും വിവിധ വിഷയങ്ങളില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രകടിപ്പിച്ചിരുന്നത്. ബര്‍ണിയുടെ മെഡികെയര്‍ ഫോര്‍ ഓള്‍ എന്ന ലക്ഷ്യത്തോടെ ബൈഡന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിവേക് മൂര്‍ത്തിയും പ്രമീള ജയ്പാലും ഒന്നിച്ചു ചേരുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സുപ്രധാന തിരഞ്ഞെടുപ്പ് അജണ്ട ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.