Friday, April 26, 2024
HomeCrimeകല്ലടയ്ക്ക് നേരെ വീണ്ടും 'കല്ലേറ്' ; വിവാദമൊഴിയുന്നില്ല മൂത്രമൊഴിക്കാൻ കുപ്പി... .. പീഡന ശ്രമം ...

കല്ലടയ്ക്ക് നേരെ വീണ്ടും ‘കല്ലേറ്’ ; വിവാദമൊഴിയുന്നില്ല മൂത്രമൊഴിക്കാൻ കുപ്പി… .. പീഡന ശ്രമം …

വിവാദമൊഴിയാതെ കല്ലട ബസ്സ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ബസ്സ് അമിത വേഗത്തില്‍ യാത്ര ചെയ്തതും ഡ്രൈവറുടെ അശ്രദ്ധയും കാരണം തുടയെല്ല് പൊട്ടിയിരിക്കുകയാണ് പയ്യന്നൂര്‍ സ്വദേശിയായ മോഹനന്. ഇദ്ദേഹം ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. ബംഗളൂരുവില്‍ താമസിക്കുന്ന ഇദ്ദേഹം പയ്യന്നൂരില്‍ നിന്നം ബംഗളൂരുവിലേക്ക് പോയത് കല്ലട ബസ്സില്‍ ആയിരുന്നു.

ബസ്സിന്റെ പിറകിലെ സീറ്റില്‍ ഇരുന്ന മോഹനന് ബസ്സ് വേഗത്തില്‍ ഹംപില്‍ ചാടിയപ്പോഴാണ് അപകടം സംഭവിച്ചത്. തുടയെല്ല് പൊട്ടിയ മോഹനന്‍ വേദന കൊണ്ട് അലറി വിളിച്ചു. എന്നാല്‍ ബസ്സ് നിര്‍ത്താനോ മോഹനനെ ആശുപത്രിയില്‍ എത്തിക്കാനോ കല്ലട ജീവനക്കാര്‍ തയ്യാറായില്ല എന്നാണ് ആരോപണം. മാത്രമല്ല ബസ്സ് ഒന്ന് നിര്‍ത്താന്‍ പോലും ജീവനക്കാര്‍ സമ്മതിച്ചില്ല.
വേദനയ്ക്ക് സ്പ്രേ അടിച്ച്‌ കൊടുത്ത ബസ് ജീവനക്കാര്‍, മോഹനന്‍ മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ അതിനായി കുപ്പി നല്‍കുകയാണ് ചെയ്ത് എന്നും ആരോപണം ഉണ്ട്. ബെംഗളൂരില്‍ എത്തിയപ്പോള്‍ മകനാണ് മോഹനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് രണ്ട് സര്‍ജറിയാണ് നടത്തേണ്ടി വന്നത്. കല്ലടയ്ക്ക് എതിരെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുകയാണ്.

നേരത്തെ യാത്രക്കാരനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ വിവാദത്തിലായ കല്ലട ബസ്സില്‍ യുവതിക്ക് നേരെ പീഡനശ്രമം നടന്നതായി പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ബസ്സിന്റെ രണ്ടാം ഡ്രൈവറായ ജോണ്‍സണ്‍ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഡ്രൈവറായ ജോണ്‍സണ്‍ ജോസഫ് കയറിപ്പിടിക്കുകയായിരുന്നുവെന്ന് ബസ്സില്‍ യാത്ര ചെയ്ത തമിഴ്‍നാട് സ്വദേശിനിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു . ചോദ്യം ചെയ്തപ്പോള്‍ തട്ടിയുണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നെന്ന മറുപടിയാണ് ലഭിച്ചത്. ബഹളം വച്ചപ്പോള്‍ ബസ്സിലെ ജീവനക്കാര്‍ ജോണ്‍സണെ ന്യായീകരിക്കുന്ന നിലപാടാണ് എടുത്തതെന്നും യാത്രക്കാരി പറഞ്ഞു. കയറിപ്പിടിച്ചപ്പോള്‍ കൈ തട്ടിമാറ്റി. ഇരുട്ടത്ത് അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഡ്രൈവറുടെ ന്യായീകരണം. എന്നാല്‍ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നുവെന്നും മനപ്പൂര്‍വം ഉപദ്രവിക്കാന്‍ ശ്രമിച്ചതാണെന്നും പരാതിക്കാരി പറ‍‍ഞ്ഞു.
യാത്രക്കാരിയുടെ വാക്കുകളിങ്ങനെ:

‘കല്ലട ബസ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഓണ്‍ലൈനായിട്ടാണ്. 1000 രൂപ കൊടുത്താണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് ബുക്ക് ചെയ്തെന്ന് മൊബൈലില്‍ മെസ്സേജും വന്നു. കണ്ണൂരിലെ കെഎസ്‍ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് രാത്രി 11.15-നാണ് ബസ്സില്‍ കയറിയത്. അവസാനത്തെ സീറ്റായിരുന്നു എന്‍റേത്. അതുകൊണ്ടു തന്നെ എനിക്കുറക്കം വന്നിരുന്നില്ല. ഇടയ്ക്ക് എപ്പോഴോ മയങ്ങിയപ്പോള്‍ ഒരു കൈ വന്ന്, എന്‍റെ കയ്യില്‍ പിടിച്ചു. അതിന് ശേഷം കൈ അരയിലേക്ക് നീണ്ടു. അപ്പോഴാണ് ഞാന്‍ എഴുന്നേറ്റ് ബഹളം വച്ചത്. എന്താണിതെന്ന് ചോദിച്ചത്. അപ്പോഴയാള്‍ ന്യായീകരിച്ചു. എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതാണെന്ന് പറഞ്ഞു. എന്തിനാണ് എന്നെ എഴുന്നേല്‍പിക്കുന്നതെന്ന് ചോദിച്ചു. എനിക്ക് ഇറങ്ങാനുള്ള ഇടമായിരുന്നില്ല. അപ്പോള്‍ അയാള്‍ക്ക് മറുപടിയുണ്ടായില്ല. ഞാന്‍ ജീന്‍സും ടോപ്പുമാണ് ധരിച്ചിരുന്നത്. ഇനി എന്നെ എഴുന്നേല്‍പിക്കണമെങ്കില്‍ത്തന്നെ മാന്യമായി വിളിച്ചോ, എന്നിട്ടും എഴുന്നേറ്റില്ലെങ്കില്‍ കാലില്‍ തട്ടിയോ വിളിക്കാമായിരുന്നില്ലേ? എന്‍റെ ബെല്‍റ്റില്‍ തൊട്ട് വിളിക്കുന്നതെന്തിനാണ്?

ഇതാരാണെന്ന് മുന്നിലെത്തി ചോദിച്ചപ്പോള്‍. ഇവിടത്തെ സ്റ്റാഫാണെന്നും ഡ്രൈവറാണെന്നും പറഞ്ഞു. ഡ്രൈവറെന്തിനാണ് എന്നെ വന്ന് വിളിക്കുന്നത്? ഞാനൊരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്ബോള്‍ ഇങ്ങനെയാണോ പെരുമാറുന്നതെന്ന് ചോദിച്ചു. അപ്പോഴേക്ക് ബസ്സിലെ എല്ലാവരും എഴുന്നേറ്റിരുന്നു. അപ്പോഴേക്ക് രാത്രി ഒന്നര മണിയായിരിക്കണം. എന്നാല്‍ ജീവനക്കാര്‍ ഡ്രൈവറെ ന്യായീകരിക്കുകയായിരുന്നു. ഇത് വെറുതെ വിടില്ല, ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഈ ബസ്സില്‍ ഇനി യാത്ര ചെയ്യില്ല എന്നും പറഞ്ഞു. എന്നെ അപ്പോള്‍ സഹായിച്ചത് കൂടെയുണ്ടായിരുന്ന യാത്രക്കാരാണ്. അവരാണ് വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് നിര്‍ബന്ധം പിടിച്ചത്. പരാതിയുമായി വിളിച്ച്‌ അരമണിക്കൂറിനകം പൊലീസ് വന്നു’, പരാതിക്കാരി പറയുന്നു.

അതേസമയം, കല്ലട ബസില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബസുടമയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും. സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കുള്ള സൗകര്യങ്ങള്‍ ബസുകളിലുണ്ടെന്ന് ഉറപ്പുവരുത്തും. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ബസ് നിര്‍ത്തിക്കൊടുക്കാത്തത് ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നതെന്നും അധ്യക്ഷ എം.സി ജോസഫൈന്‍ ‍‍പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments