ബിജെപി കേരള നേതാക്കൾ അഴിമതിയിൽ മുങ്ങികുളിക്കുമ്പോൾ നാറുന്നത് മോദി : വെള്ളാപ്പള്ളി

vellappally Nadeshan

മെഡിക്കൽ കോളജ് അനുവദിക്കാൻ ബിജെപി കേരള നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപമാനമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഇടപെട്ട് കേരളത്തിലെ ബിജെപി ഘടകത്തിൽ ശുദ്ധീകരണം നടത്തണം. സംസ്ഥാന നേതാക്കൾ അഴിമതിയിൽ മുങ്ങിക്കുളിക്കുന്പോൾ നാറുന്നത് മോദിയാണെന്ന് അവർ ഓർക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വലിയ കളികളാണ് ബിജെപി സംസ്ഥാന ഘടകത്തിൽ നടക്കുന്നത്. സംസ്ഥാന നേതൃത്വത്തിലെ നേതാക്കൾ തനിപിടിയാണ് നടത്തുന്നത്. ഓരോരുത്തരം പലയിടപാടുകളിൽ കോഴ വാങ്ങിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിൽ ചില ഉപജാപങ്ങൾ സൃഷ്ടിച്ചാണ് സംസ്ഥാനത്തെ നേതാക്കൾ പാർട്ടിയെ നയിക്കുന്നത്. പിന്നോക്ക ആഭ്യമുഖ്യമുള്ള ബിജെപിയെ സൃഷ്ടിച്ചില്ലെങ്കിൽ ഒരിക്കലും കേരളത്തിൽ പാർട്ടി വളരില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി വളരുന്നത് ഇപ്പോഴത്തെ നേതാക്കന്മാർക്ക് താത്പര്യമില്ല. കോടികളുടെ മറിവും തിരിവുമെല്ലാം ജനങ്ങൾക്ക് മനസിലായി. ഈ വിധത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നും മോദിയും അമിത് ഷായും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിഡിജഐസ് കേരളത്തിൽ എൻഡിഎയുടെ ഘടകമാണെന്ന് അമിത് ഷാ മാത്രമാണ് പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാൻ സംസ്ഥാന നേതാക്കന്മാർ ഇപ്പോഴും തയാറായിട്ടില്ല. ഈ നിലയിൽ ബിഡിജഐസ് എൻഡിഎയിൽ തുടരണമോ എന്ന് അവർ തീരുമാനിക്കട്ടെ എന്നും വെള്ളിപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.