Friday, December 6, 2024
HomeKeralaസുനന്ദ പുഷ്‌കറിന്റെ മരണം; ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിൽ ഉത്തരവ്

സുനന്ദ പുഷ്‌കറിന്റെ മരണം; ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിൽ ഉത്തരവ്

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനാവശ്യമായി ഇഴഞ്ഞു നീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേസ് അന്വേഷണം കോടതിയുടെ തന്നെ മേല്‍നോട്ടത്തില്‍ സി.ബി.ഐ നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് വിടണമെന്നും സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.

നീതി ന്യായ സംവിധാനങ്ങളുടെ മെല്ലെപ്പോക്കിന് ഉത്തമ ഉദാഹരണമാണ് സുനന്ദ കേസെന്നും പണവും സ്വാധീനവുമുള്ള ഉന്നതര്‍ കേസ് അട്ടിമറിക്കാന്‍ ഇടപെടുന്നുവെന്നും കാണിച്ചായിരുന്നു സ്വാമിയുടെ പരാതി. ഇത്തരക്കാരുടെ അനാവശ്യ ഇടപെടലുകള്‍ കേസിനെ ബാധിക്കുന്നത് നിലവിലെ വ്യവസ്ഥിതികളെ സംബന്ധിച്ച് തന്നെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും സ്വാമി തന്റെ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി ആഭ്യന്തര മന്ത്രാലയത്തോടും ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തോടും കേസിന്റെ നിലവിലെ സ്ഥിതി റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

2014 ജനുവരിയിലായിരുന്നു മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നിരവധി വിവാദങ്ങള്‍ ഉയര്‍ത്തിയ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ഇതുവരെ തെളിയിക്കാനായിട്ടില്ല. സുനന്ദയുടെ മരണ കാരണം സംബന്ധിച്ച് ഇതുവരെയും വ്യക്തത വരാത്ത സാഹചര്യത്തിലാണ് സ്വാമി പൊതുതാല്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments