കേരളത്തിലെ ബിജെപി നേതാക്കളുടെ മെഡിക്കൽ കോളേജ് കോഴയെ ചൊല്ലി പാർലമെന്റിൽ ബഹളം. എം.ബി രാജേഷ് എം.പിക്ക് കോഴ സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതാണ് ബഹളത്തിന് കാരണം.ബഹളം കാരണം സഭ തൽക്കാലത്തേക്ക് നിർത്തി വെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി മറുപടി പറയണമെന്നും അഴിമതി ചെയ്യില്ല, ചെയ്യിക്കില്ല എന്ന മുദ്രാവാക്യം എന്തായെന്നും പ്രതിപക്ഷം സഭയിൽ ചോദിച്ചു. ശൂന്യവേളയിലും വിഷയം ഉന്നയിക്കുമെന്ന് എം.ബി രാജേഷ് അറിയിച്ചിട്ടുണ്ട്. ബിജെപി ദേശീയനേതൃത്വത്തിനും അഴിമതിയിൽ പങ്കുണ്ടെന്നും ദേശീയതലത്തിൽ തന്നെ മെഡിക്കൽ കോളേജുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വലിയ അഴിമതി അന്വേഷിക്കണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നുണ്ട്.
വർക്കല എസ്.ആർ മെഡിക്കൽ കോളേജ് ഉടമയിൽ നിന്ന് 5.6 കോടി രൂപ കൈപ്പറ്റിയതായി ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ് വിനോദ് തന്നെ സമ്മതിക്കുന്ന ബിജെപി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. വിഷയം ദേശീയതലത്തിൽ തന്നെ ഉയർത്തിക്കൊണ്ട് വരാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം.