Thursday, March 28, 2024
HomeKeralaഎം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിനു തുടക്കമായി

എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിനു തുടക്കമായി

എംജി സര്‍വ്വകലാശാല കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നഗരത്തില്‍ വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നു.
പരമ്പരാഗത കലാരൂപങ്ങൾമുതൽ സമകാലിക സംഭവങ്ങൾ വരെ അണിനിരത്തിയ ഫ്ളോട്ടുകൾ നഗരത്തെ വർണാഭമാക്കി. ശബരിമലയുടെ അടിവാരത്തുള്ള പെരുനാട് ബിലീവേഴ്‌സ് എഞ്ചിനീയറിംഗ് കോളേജ് മുതൽ തിരുവല്ല മാർത്തോമാ കോളേജ് വരെയുള്ള വിദ്യാർത്ഥികൾ ഘോഷയാത്രയിൽ അണിനിരന്നത് ഏതു കണ്ണിനും കുളിർമ നൽകുന്ന കാഴ്‌ചയായിരുന്നു. ജില്ലാ പോലീസ് മേധാവി എം. പി. ദിനേശാണ് ഘോഷയാത്ര ഫ്ളാഗ്ഓഫ് ചെയ്തത്.
മത്സരവേദികളില്‍ പരസ്പരം പക ഉണ്ടാകാതെ സൗഹൃദത്തോടെയുള്ള മത്സരത്തിന് കലാപ്രതിഭകള്‍ തയ്യാറെടുക്കണമെന്ന് നടന്‍ ജയറാം പറഞ്ഞു. കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പ്രഗദ്ഭരായ 3 സംഗീതഞ്ജര്‍ എം.എസ് . വസന്തകുമാരി, എം.എസ് . സുബ്ബലക്ഷ്മി, പി. കെ. പട്ടാമ്മാള്‍ എന്നിവരാണ് ഇന്ത്യയുടെ സംഗീത റാണിമാര്‍. ഇവരുടെ ജീവിതകാലത്ത് പരസ്പരം മത്സരമില്ലാതെ രംഗത്ത് തിളങ്ങിനിന്നവരാണ്. ഇവരെ പോലെ യുവ പ്രതിഭകള്‍ പരസ്പരം പകയും വിദ്വേഷമില്ലാതെ മത്സരങ്ങളില്‍ പങ്കെടുക്കണം. ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന മറ്റൊരു പ്രതിഭാസം അറിവില്ലായ്മയാണ്. ഒരുശതമാനം അറിവും 99 ശതമാനം അറിവില്ലായ്മയും അറിവുള്ള ഒരു ശതമാനത്തിന്റെ അഹങ്കാരം കൊണ്ട് കഴിയുന്നവരാണ് സമകാലികര്‍. അറിവില്ലെങ്കില്‍ തുറന്നു സമ്മതിക്കാനുള്ള മനസ്സെങ്കിലും ഉണ്ടാവണം. അടുത്തകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥാവിശേഷമാണ് ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം ചലച്ചിത്രലോകത്ത് യുവനടിക്കുണ്ടായ അനുഭവവും നമ്മുടെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന സംഭവമാണൈന്നും ഇതിനെതിരെ യുവാക്കള്‍ ശക്തമായി പ്രതികരിക്കാന്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ബി. അജയ് നാഥ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. വീണാ ജോര്‍ജ്ജ് എംഎല്‍എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, മുന്‍ എം.എല്‍.എ. എ. പത്മകുമാര്‍, ചലച്ചിത്ര സംവിധായകന്‍ എബ്രിഡ് ഷൈന്‍, മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി പ്രൊ.വൈസ് ചാന്‍സിലര്‍ ഷീനാ ഷുക്കൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, പ്ലാനിംഗ് ബോര്‍ഡംഗം ഷീതള്‍ ശ്യാം, വ്യാപാരി വ്യവസായി കോഴഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്‍, കോഴഞ്ചേരി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യന്‍, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിശ്യാം മോഹന്‍, കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. വര്‍ഗീസ് ഫിലിപ്പ്, മുന്‍ കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഗോപി, മുന്‍ ജില്ലാ പഞ്ചായത്തംഗം ആര്‍. അജയകുമാര്‍, മുന്‍ എം.എല്‍.എ. കെ.സി. രാജഗോപാല്‍, കോഴഞ്ചേരി സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ.സി. സഖറിയ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി അനീഷ് കുമാര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സജിത് പി. ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments