Monday, May 20, 2024
Homeപ്രാദേശികംനാടിനെ ഉണർത്തി ആറന്‍മുളയില്‍ കൊയ്ത്തുല്‍സവം

നാടിനെ ഉണർത്തി ആറന്‍മുളയില്‍ കൊയ്ത്തുല്‍സവം

ആവേശം വാനോളം ഉയർന്ന അന്തരീക്ഷത്തിൽ ആയിരങ്ങളെ സാക്ഷി നിർത്തി നെല്ല്‌ വിളഞ്ഞുകിടന്ന ആറന്മുള പാടശേഖരത്തിൽ മന്ത്രിമാർ കതിർ കൊയ്തു. വിശാലമായ ആറന്മുള പുഞ്ചയുടെ ഭാഗമായ പുന്നയ്ക്കാട്‌ പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരമായി.
നെല്‍വയലുകള്‍ നികത്തുന്നവരെ നാട്ടുകാര്‍ തടയണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. രണ്ട്‌ പതിറ്റാണ്ടിലധികമായി നെൽകൃഷി നിലച്ച ആറന്മുള പുഞ്ചപ്പാടത്ത്‌ ഉത്സവമായാണ്‌ 2016 ഒക്ടോബർ 29 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നെൽവിത്തെറിഞ്ഞ്‌ നെൽകൃഷി ഉദ്ഘാടനം ചെയ്തത്‌. കെജിഎസ്‌ ഗ്രൂപ്പ്‌ പരിസ്ഥിതിയെ നശിപ്പിച്ച്‌ വിമാനത്താവളം നിർമ്മിക്കാനൊരുങ്ങിയതോടെയാണ്‌ ആറന്മുള രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്‌. ആറന്മുള നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി മല്ലപ്പുഴശേരി പുന്നയ്ക്കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍, ആറന്‍മുള എം. എല്‍. എ വീണാ ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പം പാളത്തൊപ്പി ധരിച്ച് പാടത്തിറങ്ങി മന്ത്രി വി. എസ്. സുനില്‍കുമാര്‍ വിളഞ്ഞു പാകമായ നെല്ല് കൊയ്തു. കര്‍ഷകരും നാട്ടുകാരും നെല്ലു കൊയ്യാന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ പാടത്ത് ഉത്സവപ്രതീതിയായി. നെല്‍വയലുകള്‍ നികത്തുന്നതിലൂടെ സ്വന്തം ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനു തടയിടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മഴവെള്ളം സംഭരിച്ച്, സംരക്ഷിച്ച് ഭൂഗര്‍ഭജലസമ്പത്ത് ഉണ്ടാക്കാന്‍ നെല്‍പാടങ്ങള്‍ ആവശ്യമാണെന്ന് മലയാളി മറന്നു പോയി. ഇതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വേനല്‍ കടുത്തതോടെ വെള്ളത്തിനായി പരക്കംപാച്ചിലാണ്. വിമാനത്താവള പദ്ധതി പ്രദേശങ്ങള്‍ കണ്ടാല്‍ വിത്തെറിയാന്‍ മന്ത്രിമാര്‍ക്ക് തോന്നുന്നത് മാനസിക പ്രശ്‌നമാണെന്ന് ചിലര്‍ വിമര്‍ശിച്ചു. മന്ത്രിമാര്‍ക്ക് വിത്തെറിയാനുള്ള മാനസിക രോഗമില്ല, മറിച്ച് ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണിത് ചെയ്യുന്നത്. മിച്ചഭൂമി പൂര്‍ണമായി തിരിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കും. നിലവിലെ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഭൂമി കൈവശം വച്ചിരിക്കുന്ന കമ്പനിയുടെ സ്ഥലം തിരിച്ചുപിടിക്കും. ആറന്മുളയില്‍ വിളയുന്ന നെല്ല് കൃഷിവകുപ്പിന്റെ മില്ലില്‍ അരിയാക്കി ആറന്മുള റൈസ് ബ്രാന്റായി വിപണിയിലെത്തിക്കും. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാവും അരി വില്‍ക്കുക. മെത്രാന്‍ കായലിലും ഇത് നടപ്പാക്കും. അവിടെ ചില അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്തു വെല്ലുവിളി നേരിട്ടും വിതച്ച നെല്ല് കൊയ്യും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നെല്‍വയല്‍ വിസ്തൃതി മൂന്നു ലക്ഷം ഹെക്ടറും ഉത്പാദനം പത്ത് ലക്ഷം മെട്രിക് ടണും ആക്കുകയാണ് ലക്ഷ്യം. ആറന്മുളയില്‍ 56 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാനാണ് ആദ്യം ആലോചിച്ചതെങ്കിലും 90 ഹെക്ടറിലധികം സ്ഥലത്ത് കൃഷി ചെയ്തതായി മന്ത്രി പറഞ്ഞു. ഇതിനായി പ്രവര്‍ത്തിച്ച കൃഷി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സര്‍ക്കാരിന് വേഗതയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ആറന്‍മുള റൈസ് ലോഗോ പ്രകാശനം ചെയ്ത പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആറന്മുളയില്‍ കൃഷിയിറക്കി കൊയ്തതു തന്നെ വലിയ ഉദാഹരണം. ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്ത പദ്ധതി വിജയകരമായി നടപ്പാക്കി. മാര്‍ച്ചോടെ സമ്പൂര്‍ണ വൈദ്യുതീകരണവും യാഥാര്‍ത്ഥ്യമാകും. സര്‍ക്കാരിന്റെ നവകേരള മിഷന്‍ പദ്ധതികളും പുരോഗമിക്കുന്നു. ഇതൊക്കെ വേഗതയല്ലേ തെളിയിക്കുന്നത്. അതിവേഗത്തില്‍ പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത് ആപത്താണ്. ഭരണാധികാരികള്‍ അപായമണികള്‍ ശ്രദ്ധിക്കണം. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ല. ഒരിഞ്ച് നിലവും നികത്താതെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാതെ പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലും നെല്ലുത്പാദന ചരിത്രത്തിലും സുവര്‍ണാധ്യായമാണ് ആറന്മുളയിലേത്. ആറന്മുളയിലെ കൊയ്ത്തുല്‍സവം സര്‍ക്കാരിന് മറ്റു പദ്ധതികളുമായി മുന്നോട്ടു പോകാന്‍ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. വീണാജോര്‍ജ് എം. എല്‍. എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ. പത്മകുമാര്‍, തദ്ദേശസ്ഥാപന പ്രതിനിധികളായ എം. ബി സത്യന്‍, പി. കെ. തങ്കമ്മ ടീച്ചര്‍, മനോജ് മാധവശേരി, ഐഷാ പുരുഷോത്തമന്‍, ലീലാ മോഹന്‍, വല്‍സമ്മ മാത്യു, സാലി തോമസ്, രമാ ഭാസ്‌കരന്‍, കുഞ്ഞമ്മ തങ്കന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ. പി. ജയന്‍, അലക്‌സ് കണ്ണമല, മാത്യൂസ് ജോര്‍ജ്, വിക്ടര്‍ ടി. തോമസ്, മണ്ണടി അനില്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സുനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആനി സാമുവല്‍, പുന്നക്കാട് പാടശേഖര സമിതി സെക്രട്ടറി ജോണ്‍ തോമസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആറന്മുള എന്‍ജിനിയറിംഗ് കോളേജിനു സമീപത്തുള്ള പാടത്തെ നെല്ല് മന്ത്രി വി.എസ് സുനില്‍കുമാര്‍, വീണാ ജോര്‍ജ് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ കൊയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments