കേരളം കാമഭ്രാന്തന്മാരുടെ സ്വന്തം നാടാണോ ?

Rape case

9 വര്‍ഷത്തിനിടെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ മൂന്ന് മടങ്ങ് വര്‍ദ്ധിച്ചു

കേരളത്തിലെ സ്ത്രീകളും കുട്ടികളും ഒട്ടും സുരക്ഷിതരല്ലെന്നതിനുള്ള തെളിവുകളാണ് സമീപകാലങ്ങളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞകാല സംഭവവികാസങ്ങള്‍ ചികഞ്ഞെടുത്താല്‍ നാണിച്ച് തല താഴ്‌ത്തേണ്ടിവരും മലയാളിക്ക്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ മൂന്ന് മടങ്ങ് വര്‍ദ്ധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നത്.

2007 ല്‍ ബലാത്സംഗ കേസുകളുടെ എണ്ണം 500ആയിരുന്നുവെങ്കില്‍ 2016ല്‍ 1,644 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ സെക്ഷ്വല്‍ ഒഫന്‍സ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ആക്ട് പ്രകാരം 2013 ല്‍ 1002 ഉം 2015 ല്‍,1569 ഉം 2016 ല്‍ 2093 കേസുകൾ രെജിസ്റ്റർ ചെയ്തു. ഇതിലാകട്ടെ 53കേസുകള്‍ക്ക് മാത്രമാണ് പ്രതിയ്ക്ക് ശിക്ഷ ലഭിച്ചിട്ടുള്ളത്. അതേസമയം പുറം ലോകം അറിയാത്ത ഇത്തരം കേസുകൾ രെജിസ്റ്റർ ചെയ്തതിന്റെ പലമടങ്ങ് വരുമെന്നാണ് കരുതുന്നത്.

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയെ കേരളീയ സമൂഹം മറന്നുകാണില്ല. പെരുമ്പാവൂരില്‍ ഒറ്റമുറി വീട്ടില്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ജിഷയും കേരളത്തിന്റെ നൊമ്പരമാണ്. സത്യത്തില്‍ വാളയാറിലെയും കുണ്ടറയിലെയും പെണ്‍കുട്ടികളുടെ മരണത്തിന് ആരാണ് ഉത്തരവാദി, ഭരണകൂടമോ അതോ നിയമം പാലിക്കേണ്ടവരോ, പോലീസ് ശരിയായ ദിശയില്‍ കേസ് അന്വോഷിച്ചിരുന്നെങ്കില്‍ തന്റെ ഇളയമകളെ തനി്ക്ക് നഷ്ടപ്പെടില്ലായിരുന്നുവെന്ന് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ തന്നെ പറയുന്നു.

വയനാട്ടില്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാദര്‍ ടോമിന്‍ വടക്കുഞ്ചേരിയെയും 10 ലക്ഷം രൂപയ്ക്ക് വേണ്ടി മകളുടെ കുഞ്ഞിന്റെ പിത്യത്വം ഏറ്റെടുത്ത അച്ഛനെയും ഞെട്ടലോടെയാണ് കേരളീയ സമൂഹം അറിഞ്ഞത്. കല്‍പ്പറ്റയിലെ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് നഗ്ന ദ്യശങ്ങള്‍ പകര്‍ത്തിയതും ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ടതും ഈ കഴിഞ്ഞ ദിവസങ്ങളിലാണ്.

മറൈന്‍ഡ്രൈവില്‍ വിദ്യാര്‍ത്ഥികളെയും കമിതാക്കളെയും സദാചാരത്തിന്റെ പേരില്‍ ശിവസേന പ്രവർത്തകർ ആക്രമിച്ചതും കൊല്ലത്ത് സദാചാരാക്രമണത്തിന് ഇരയായി യുവാവ് ആത്മഹത്യ ചെയ്തതും സമീപകാലത്ത് തന്നെ. സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത സമൂഹത്തിലാണ് സദാചാരത്തിന്റെ മറവില്‍ ശിവസേനക്കാര്‍ ആക്രമണം നടത്തുന്നത്.

സാക്ഷരതയില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനത്താണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതെന്നതാണ് കേരളത്തെ കൂടുതൽ നാണം കെടുത്തുന്നത്. പീഡനങ്ങളില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ കാലതാമസമെടുക്കുന്നതാണ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് പ്രധാനകാരണമെന്ന് നിയമവിദ്ഗ്തർ പറയുന്നു.