അയോധ്യയിലെ രാമക്ഷേത്രം, ബാബ്‌റി മസ്ജിദ് തർക്കവിഷയത്തിൽ ഒത്തുതീർപ്പാക്കാം എന്ന് കോടതി

supreme court

അയോധ്യയിലെ രാമക്ഷേത്രം, ബാബ്‌റി മസ്ജിദ് എന്നിവ സംബന്ധിച്ച തർക്കവിഷയത്തിൽ കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാൻ ഇരുവിഭാഗവും തയ്യാറാണോയെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. കോടതിയ്ക്ക് പുറത്ത് ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് ഖേഹർ വ്യക്തമാക്കി.

വിഷയം മതപരവും വൈകാരികവുമായതിനാൽ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിച്ചുകൂടെയെന്നാണ് കോടതി ആരാഞ്ഞത്. ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിർദേശമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിര്‍ദേശത്തെ ആര്‍.എസ്.എസ് സ്വാഗതം ചെയ്തു. എന്നാല്‍ മുസ്‍ലിം സംഘടനകള്‍ നിര്‍ദേശത്തിന് അനുകൂലമായ നിലപാടുകൾ കൈക്കൊണ്ടിട്ടില്ല.

അയോധ്യയിലെ തര്‍ക്കഭൂമി ഉള്‍പ്പെടെ മൂന്നു ഭാഗങ്ങളായി വിഭജിച്ച് വിവിധ കക്ഷികള്‍ക്ക് നല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിയ്ക്കെതിരായ ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. എത്രയും വേഗം രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിർദേശം മുന്നോട്ട് വെച്ചത്.