പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ സ്വാശ്രയ കോളേജ് സമരം

krishnadas

നാളെ സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ അടച്ചിടാൻ സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ തീരുമാനിച്ചു

വിദ്യാർത്ഥിയെ  മര്‍ദ്ദിച്ച കേസില്‍ നെഹ്രു കോളേജ് ചെയർമാൻ പി കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ അടച്ചിടാൻ സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ തീരുമാനിച്ചു. എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകൾ അടക്കം എല്ലാ കോളേജുകളും നാളെ അടച്ചിടും.

ലക്കിടി ലോ കോളേജിലെ രണ്ടാം വർഷ എൽഎൽബി വിദ്യാർഥി ഷഹീർ ഷക്കൗത്തലിയെ മർദിച്ച കേസിലാണ് പി കൃഷ്ണദാസടക്കം അഞ്ച് പേർ പൊലീസ് കസ്റ്റഡിയിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ കേസുകളാണ് ചുമത്തിയിരുന്നത്. കൃഷ്ണദാസിന്റെ അറസ്റ്റിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. അതിനാൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അനശ്ചിതകാല സമരം ഉൾപ്പെടെയുള്ള നിയമ നടപടികൾ ഏർപ്പെടുത്തുമെന്നും അസോസിയേഷൻ അറിയിച്ചു.

അതേസമയം പരാതിക്കാരനില്ലാത്ത കേസിൽ പൊലീസ് എന്തിന് ഇടപെട്ടുവെന്നും, കേസിൽ പുതിയ വകുപ്പുകൾ ചേർത്തത് കൃഷ്ണദാസിന് ജാമ്യം ലഭിക്കാതിരിക്കാനാണെന്നും ഇത് വ്യാജമാണെങ്കിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമായിരിക്കുമെന്നും പറഞ്ഞ് കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

കൃഷ്ണദാസിന്റെ ജാമ്യ ഹർജി ഇന്ന് ഉച്ച കഴിഞ്ഞ് കോടതി വീണ്ടും പരിഗണിക്കും. വടക്കാംചേരി മജിസ്‌ട്രേറ്റ് കോടതിയും കൃഷ്ണദാസ് ഉൾപ്പെടെയുള്ള അഞ്ച് പേരുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.