ഡി സിനിമാസ്‌ തിയറ്ററിനായി ചീഫ്‌ ടൗണ്‍ പ്ലാനര്‍ അംഗീകരിച്ച രൂപരേഖ

d cinemaas

നടന്‍ ദിലീപിന്റെ ഡി സിനിമാസ്‌ തിയറ്ററിനായി ചീഫ്‌ ടൗണ്‍ പ്ലാനര്‍ അംഗീകരിച്ച രൂപരേഖ 2015 ജനുവരി അഞ്ചിന്‌ റദ്ദ്‌ ചെയ്‌തിരുന്നതായി കണ്ടെത്തല്‍. വൈസ്‌ ചെയര്‍മാന്‍ പി.കെ. വിന്‍സെന്റിനു ലഭിച്ച വിവരത്തെ തുടര്‍ന്ന്‌ ഫയല്‍ പരിശോധിച്ചപ്പോഴാണ്‌ ഇക്കാര്യമറിയുന്നത്‌.

തിയേറ്ററില്‍ ചില അനധികൃത നിര്‍മാണങ്ങള്‍ നടന്നതായി ബാബു ജോസഫ്‌ പുത്തനങ്ങാടി നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ചീഫ്‌ ടൗണ്‍ പ്ലാനര്‍ വിജിലന്‍സ്‌ വിഭാഗം നഗരസഭയില്‍ നടത്തിയ റെയ്‌ഡിനു ശേഷമാണ്‌ പ്ലാന്‍ റദ്ദാക്കാന്‍ ഉത്തരവുണ്ടായത്‌. അനുമതി കൂടാതെ 9,000 ചതുരശ്ര അടി സ്‌ഥലത്ത്‌ അനധികൃത നിര്‍മാണം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെതിരേ നടപടിയെടുക്കാന്‍ ചീഫ്‌ ടൗണ്‍ പ്ലാനര്‍ വിജിലന്‍സ്‌ വിഭാഗം നഗരസഭ സെക്രട്ടറിക്കു നിര്‍ദേശം നല്‍കുകയും ചെയ്‌തു. എന്നാല്‍ അന്നത്തെ സെക്രട്ടറി 38,000 രൂപ പിഴ ഈടാക്കി ഉത്തരവ്‌ നടപ്പിലാക്കാതെ നിയമവിരുദ്ധമായി റെഗുലറൈസ്‌ ചെയ്‌തു കൊടുക്കുകയായിരുന്നു.

ചീഫ്‌ ടൗണ്‍ പ്ലാനര്‍(സി.ടി.പി)ക്കാണ്‌ അനധികൃത നിര്‍മാണം റെഗുലറൈസ്‌ ചെയ്യാന്‍ അധികാരമുള്ളത്‌. ഇതിനായി പ്ലാനിന്റെ പകര്‍പ്പുകള്‍ സി.ടി.പിക്ക്‌ അയച്ചതിനും രേഖയില്ല. മൂന്നു പകര്‍പ്പുകള്‍ അയയ്‌ക്കണമെന്നാണു നിബന്ധന. അനുമതിക്ക്‌ വേണ്ടി സി.ടി.പിക്കു രേഖകള്‍ അയയ്‌ക്കുമ്പോള്‍ ആധാരം തുടങ്ങിയവയുമായി ഒത്തുനോക്കേണ്ടതുണ്ട്‌.

എല്ലാ രേഖകളും കൃത്യമായാല്‍ മാത്രമേ കെട്ടിടത്തിന്‌ പെര്‍മിറ്റ്‌ കൊടുക്കാന്‍ പാടുള്ളൂ. എന്നാല്‍ ആധാരങ്ങള്‍ ഒത്തുനോക്കിയോ എന്ന്‌ ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ല. 2007 ലാണ്‌ കെട്ടിട നിര്‍മാണത്തിന്‌ അപേക്ഷ നഗരസഭയിലെത്തിയത്‌. 5000 ചതുരശ്ര അടിയില്‍ക്കൂടുതലുളള നിര്‍മാണത്തിന്‌ സി.ടി.പിയുടെ അംഗീകാരം വേണം. ഇതനുസരിച്ചാണ്‌ കെട്ടിടത്തിന്റെ പ്ലാന്‍ ജില്ലാ ടൗണ്‍പ്ലാനര്‍ വഴി 2007 ഓഗസ്‌റ്റ്‌ 18 ന്‌ സി.ടി.പിക്ക്‌ അയച്ചത്‌. ഡിസംബര്‍ 21ന്‌ സി.ടി.പിയുടെ അംഗീകാരം ലഭിച്ചു. തുടര്‍ന്ന്‌ അംഗീകരിച്ച്‌ മറ്റു നടപടികള്‍ ആരംഭിക്കുകയും ചെയ്‌തു.

ചാലക്കുടി നഗരസഭയില്‍നിന്ന്‌ ഡി സിനിമാസ്‌ കെട്ടിടത്തിന്റെ കൈവശാവകാശ രേഖ അടക്കമുള്ള രേഖകള്‍ കാണാതായെന്നാണു റിപ്പോര്‍ട്ട്‌. ഇവയടങ്ങിയ ഫയല്‍ എന്‍ജിനിയറിങ്‌ വിഭാഗത്തില്‍നിന്നും നഗരസഭാ സെക്രട്ടറിയുടെ കസ്‌റ്റഡിയിലേക്കു മാറ്റിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട കെട്ടിടത്തിന്റെ സ്‌കെച്ചും കൈവശാവകാശ രേഖയും അടക്കമുള്ള രേഖകളാണ്‌ കാണാതായത്‌. പൊസിഷന്‍ സര്‍ട്ടിഫിക്കറ്റുകളും സ്‌കെച്ചും ഇല്ലാതെ കെട്ടിട നിര്‍മാണത്തിന്‌ പെര്‍മിറ്റ്‌ ലഭിച്ചതു ദുരൂഹമാണ്‌. രേഖകള്‍ കാണാനില്ലെന്ന കാര്യം വിജിലന്‍സിനെ അറിയിക്കുമെന്ന്‌ നഗരസഭാ അധികൃതര്‍ അറിയിച്ചു. കൈയേറ്റ ഭൂമിയിലാണ്‌ ദിലീപ്‌, ഡി സിനിമാസ്‌ തിയേറ്റര്‍ നിര്‍മിച്ചതെന്നു തൃശൂര്‍ കലക്‌ടറുടെ റിപ്പോര്‍ട്ടില്‍നിന്നു വ്യക്‌തമായതിനാല്‍ മൊത്തം ഭൂമിയുടെയും ഉടമസ്‌ഥാവകാശ രേഖകള്‍ സംബന്ധിച്ച്‌ റവന്യു വകുപ്പ്‌ ഉന്നതതല അന്വേഷണം നടത്തും.

2007 ല്‍ തിയറ്ററിന്റെ നിര്‍മാണത്തിന്‌ അപേക്ഷിച്ചതും നിര്‍മാണത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതും ഇടതുമുന്നണിയുടെ എം.എന്‍. ശശിധരന്‍ ചെയര്‍മാനായിരുന്ന കാലത്താണ്‌. 2014 ല്‍ റെഗുലറൈസ്‌ ചെയ്‌തു കൊടുത്തത്‌ യു.ഡി.എഫ്‌. ചെയര്‍മാനായിരുന്ന വി.ഒ. പൈലപ്പന്റെ കാലത്താണ്‌. കെട്ടിട അനുമതിയുമായി ബന്ധപ്പെട്ട തിരിമറികള്‍ ഉദ്യോഗസ്‌ഥതലത്തിലാണ്‌ നടന്നതെന്ന്‌ ഇരു പാര്‍ട്ടികളും ആരോപിക്കുന്നു.

ഉദ്യോഗസ്‌ഥരുടെ ഒത്താശയില്ലാതെ ഇത്രയും സ്‌ഥലം സ്വന്തമാക്കാനാവില്ലെന്നാണ്‌ പരാതിക്കാരും ആരോപിക്കുന്നത്‌. സര്‍വെ റിപ്പോര്‍ട്ട്‌ പ്രകാരം വലിയ കോയിത്തമ്പുരാന്‍ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ്‌ ഭൂമി.

ഇതില്‍ 35 സെന്റ്‌ തോട്‌ പുറമ്പോക്കാണ്‌. 17.5 സെന്റ്‌ പലരില്‍നിന്നുമായി വാങ്ങിയതാണ്‌. അവര്‍ക്ക്‌ ഈ ഭൂമി എങ്ങനെ ലഭിച്ചെന്നും എങ്ങനെ കരം അടച്ചെന്നും വ്യക്‌തമല്ല. ഇതു സംബന്ധിച്ച രേഖകളും കാണാതായിരിക്കുകയാണ്‌. തിയേറ്ററിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം അനധികൃതമാണെന്നാണ്‌ കണ്ടെത്തല്‍.