കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വറിന് വധഭീഷണി. ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകനായ രാഹുല്‍ മഅദനിയെ സന്ദര്‍ശിച്ചതിലൂടെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെട്ടുവെന്ന് ആരോപിച്ചാണ് വധഭീഷണി. ബംഗളൂരുവിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പായിരുന്നു രാഹുല്‍ മഅദനിയെ സന്ദര്‍ശിച്ചത്. മഅദനിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ രാഹുല്‍ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇനി ഹൈന്ദവസംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്താല്‍ കായികമായി കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. മഅദനിയെ സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഇസ്ലാം മതം സ്വീകരിച്ച ഹാദിയയേയും കുടുംബത്തേയും രാഹുല്‍ സന്ദര്‍ശിച്ചതും വിവാദമായിരുന്നു. ഹാദിയയുടെ അമ്മയുമായി സംസാരിക്കുന്നതിന്റെ വീഡിയോ രാഹുല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനാനുമതി ഇല്ലാത്ത ഇടത്താണ് രാഹുല്‍ എത്തി ഇവരുമായി സംസാരിച്ചത്. വധഭീഷണിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ പൊലീസില്‍ പരാതി നല്‍കി.