13 വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ. ഗിരീഷിനെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനശ്ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ഗിരീഷ്. 14 നാണ് സംഭവം നടന്നത്. കുട്ടിയുടെ പഠനവൈകല്യം പരിഹരിക്കാനായി കൗണ്‍സലിങ്ങിനാണ് മാതാപിതാക്കള്‍ ഡോ. ഗിരീഷിനെ സമീപിച്ചത്. മാതാപിതാക്കളോട് ആദ്യം സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തേക്കു വിളിപ്പിക്കുകയായിരുന്നു.
ഡോക്ടറുടെ മുറിയില്‍ നിന്ന് പുറത്തുവന്ന കുട്ടി വല്ലാതിരിക്കുന്ന കണ്ടാണ് മാതാപിതാക്കള്‍ കാര്യം തിരക്കിയത്. സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തതായി കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ ഉടന്‍തന്നെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ കേസ് തമ്പാനൂര്‍ പൊലീസിനു നല്‍കി. അവിടെ നിന്ന് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്കു പരാതി കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കുകയായിരുന്നു.