തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ പോണ്ടിച്ചേരിയിലേക്ക് മാറ്റി. മൂന്നു സ്വതന്ത്രരെ അടക്കം 23 എംഎല്‍എമാരെയാണ് പോണ്ടിച്ചേരിയിലേക്ക് മാറ്റുന്നത്. ഇവര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാരിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിന് വന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് കണക്കിലെടുത്താണ് ഈ നീക്കം.
ആദ്യം പാര്‍ട്ടിക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്, സര്‍ക്കാര്‍ വീഴുകയോ വീഴാതിരിക്കുകയോ ചെയ്യട്ടെ. പാര്‍ട്ടിക്ക് സുരക്ഷ ഒരുക്കുക തന്നെ ചെയ്യുമെന്നും ദിനകരന്‍ പക്ഷത്തെ എംഎല്‍എയായ പി.വെട്രിവേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ 134 അംഗങ്ങളാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ഉള്ളത്. സഭയില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 117 അംഗങ്ങളുടെ ഭൂരിപക്ഷം വേണം. 19 പേര്‍ പിന്തുണ പിന്‍വലിച്ചാല്‍ 115 പേരുടെ പിന്തുണ മാത്രമേ മന്ത്രിസഭക്ക് ലഭിക്കുകയുള്ളൂ. മുഖ്യമന്ത്രിക്കെതിരെ ഈ സാഹചര്യത്തില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയാണെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴും. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.