നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ചയും വാദം തുടരും. ചൊവ്വാഴ്ച രാവിലെ 10.30ന് ആരംഭിച്ച വാദം ഉച്ചഭക്ഷണത്തിനുശേഷം കോടതി കൂടിയപ്പോഴും തുടർന്നു. അഡ്വ. രാമൻപിള്ളയാണ് ദിലീപിന് വേണ്ടി വാദിക്കുന്നത്. നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പൾസർ സുനിക്ക് ദിലീപ് പണം നൽകിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. അതിനിടെ, ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി മജിസ്ട്രേറ്റ് കോടതി അടുത്തമാസം രണ്ടുവരെ നീട്ടി.
എന്നാൽ വാദത്തിനിടെ ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവർത്തിച്ച പ്രതിഭാഗം അഭിഭാഷകനെ കോടതി താക്കീത് ചെയ്തു. അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടു സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷയില്‍, അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ദിലീപും കുടുംബവും. കേസിൽ നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ലഭിച്ചെങ്കിലും ഫോൺ പൊലീസിനു കിട്ടിയിട്ടില്ല. ഫോൺ നശിപ്പിച്ചെന്നു മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകർ അന്വേഷണസംഘത്തിനു മൊഴി നൽകിയിട്ടുണ്ട്. ഫോൺ കണ്ടെത്താനാകാത്തതു പൊലീസിന്റെ വീഴ്ചയാണ്. ഇതിന്റെ പേരിൽ നടനു ജാമ്യം നൽകാത്തതു ശരിയല്ലെന്നും പ്രതിഭാഗം വാദിച്ചു.
ചില പൊലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഇരയാണു താനെന്ന വാദമാണു ദിലീപ് ഉന്നയിച്ചത്. തനിക്കെതിരെ തെളിവൊന്നുമില്ലെന്നും എല്ലാ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ദിലീപിനു ജാമ്യം നല്‍കരുതെന്ന വാദത്തില്‍ ഉറച്ചുനിൽക്കുകയാണ് സര്‍ക്കാര്‍. അതേസമയം, ദിലീപിനെതിരെ പൊലീസിനു കൂടുതൽ തെളിവുകൾ ലഭിച്ചെന്നാണ് സൂചന. ഇവ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിക്കാനാണു പ്രോസിക്യൂഷന്റെ തീരുമാനം. ദൃശ്യങ്ങൾ പകർത്തിയ ഫോണിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ഫോൺ കണ്ടെത്തേണ്ടതുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നാകും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുക. കേസിൽ കുറ്റപത്രം വൈകാതെ സമർപ്പിക്കുമെന്നു പ്രോസിക്യൂഷൻ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിക്കു മുന്നിലെത്തിയതാണ്. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ (ഡിജിപി) അസൗകര്യം പരിഗണിച്ചു വാദത്തിനായി ചൊവ്വാഴ്ചത്തേക്കു മാറ്റുകയായിരുന്നു. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷികളെല്ലാം സിനിമാ മേഖലയിൽ നിന്നുള്ളവരാണെന്നും വലിയ സ്വാധീന ശക്തിയുള്ള ദിലീപിനെപ്പോലൊരു പ്രതി ജാമ്യം നേടി പുറത്തിറങ്ങിയാൽ കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ നിലപാടെടുക്കും എന്നാണറിയുന്നത്.