മുത്തലാഖ് ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്. ആറ് മാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്നും സുപ്രീംകോടതി പറഞ്ഞു . ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ മുത്തലാഖ് ഭരണഘടന വിരുദ്ധമല്ലെന്ന് വിധി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ഭരണഘടന ബെഞ്ചിലെ മറ്റ് മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കുര്യന്‍ ജോസഫ്, ലളിത് എന്നിവരാണ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത്.
മുത്തലാഖ് നിരോധിക്കാന്‍ ആവശ്യമെങ്കില്‍ ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിയമം നിലവില്‍ വരുന്നതുവരെയാണ് ആറ് മാസത്തേക്ക് മുത്തലാഖിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്.
വിവിധ രാജ്യങ്ങളില്‍ മുത്തലാഖ് നിയമവിരുദ്ധമാണ്, പിന്നെ എന്തുകൊണ്ടാണ് ഇന്ത്യ ഇതില്‍ നിന്നും മാറാത്തതെന്ന് കോടതി ചോദിച്ചു. സൈറ ബാനുവിന്റെ ഹര്‍ജിക്കു പുറമെ അഫ്രീന്‍ റഹ്മാന്‍, ഇസ്രത് ജഹാന്‍, ഗുല്‍ഷന്‍ പ്രവീണ്‍, ഫര്‍ഹ ഫായിസ് എന്നിവരുടെ ഹര്‍ജികളും, 2015 ഒക്ടോബറില്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവെയും ആദര്‍ശ് കുമാര്‍ ഗോയലും പരിഗണിച്ച മുത്തലാഖ് പൊതുതാല്‍പര്യഹര്‍ജികളും കോടതി പരിഗണിച്ചു. മുത്തലാഖ് മതപരമായ മൗലികാവകാശമാണെന്ന വാദവും ഭരണഘടന ബെഞ്ച് പരിശോധിച്ചു. ആറ് മാസത്തിനുള്ളില്‍ നിയമനിര്‍മ്മാണം നടന്നില്ലെങ്കില്‍ വിഷയത്തില്‍ ഇടപടുമെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.
ഖുറാന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ് മുത്തലാഖെന്ന് ജസ്റ്റിസുമാരായ ഫാലി എസ് നരിമാന്‍, കുര്യന്‍ ജോസഫ്, ലളിത് യുയു, എന്നിവര്‍ നീരീക്ഷിക്കുകയായിരുന്നു. പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമായതിനാല്‍ മുത്തലാഖ് നിരോധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു. ഖുറാന് എതിരായതിനാല്‍ മുത്തലാഖ് അംഗീകരിക്കാനാകില്ല, ജഡ്ജിമാര്‍ വിലയിരുത്തി.
മുത്തലാഖ്, നിക്കാഹ്, ഹലാല എന്നിവയ്‌ക്കെതിരെ സ്വമേധയ എടുത്തതുള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ വാദം കേട്ടാണ് സുപ്രീംകോടതി നിര്‍ണായകമായ വിധിപ്രസ്താവം നടത്തിയിരിക്കുന്നത്. 15 വര്‍ഷത്തെ വിവാഹ ബന്ധം സൈറ ബാനുവിന്റെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലി അവസാനിപ്പിച്ചിരുന്നു. ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു.
അതേസമയം, മുത്തലാഖ് ഭരണഘടനയുടെ 14,15,21,25 അനുച്‌ച്ഛേദങ്ങള്‍ ലംഘിക്കുന്നില്ലെന്നും, ആയിരം വര്‍ഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണ് ഇതെന്നും മുസ്ലിം വ്യക്തി നിയമബോര്‍ഡിന്റെ പരിധിയില്‍ പെടുന്നതാണെന്നുമാണ് ജസ്റ്റിസ് ജെ എസ് ഖെഹറും ജസ്റ്റിസ് അബ്ദുല്‍ നസീറും നിരീക്ഷിച്ചത്. ഹിന്ദു, ക്രൈസ്തവ, ഇസ്ലാം, സിക്ക്, സോറാസ്ട്ര്യന്‍ എന്നീ മത വിഭാഗങ്ങളില്‍ പെട്ട ജഡ്ജിമാരടങ്ങിയ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്
ഏറ്റവും നീചമായ വിവാഹമോചനമാര്‍ഗമാണ് മുത്തലാഖെന്ന് വാദംകേള്‍ക്കലിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തിയാല്‍ മുസ്ലിം സമുദായത്തിലെ വിവാഹം വിവാഹമോചനം എന്നിവയ്ക്ക് പുതിയ നിയമം രൂപീകരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ബാഹ്യമായ ഇടപെടലിലൂടെ മതപരമായ ആചാരങ്ങളില്‍ മാറ്റംവരുത്തുന്നത് നിയമവിരുദ്ധമാണെന്ന വാദമാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മുന്നോട്ടുവച്ചത്.