പ്രമുഖ നടന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി

യുവനടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പൾസർ സുനി പോലീസ് കസ്റ്റഡിയിലായതായി സൂചനയെന്നു മാധ്യമങ്ങൾ. എന്നാൽ ഈ വാർത്ത നിഷേധിച്ചു കൊണ്ട് അന്വേഷണ സംഘം രംഗത്തെത്തി. അതേസമയം മലയാളത്തിലെ പ്രമുഖ നടന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി . കേസിലെ ക്വട്ടേഷന്‍ സാധ്യതകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ രാവിലെ നടന്‍റെ മൊഴിയെടുത്തത്. സിനിമാ രംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ സംഭവത്തെ ദുരുപയോഗിക്കുന്നതായി നടന്‍ കുറ്റപ്പെടുത്തി.
സംഭവദിവസം ചികിത്സയിലായിരുന്ന താന്‍ പിറ്റേന്നു രാവിലെയാണു കാര്യം അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുനി, അറസ്റ്റിലായ മാര്‍ട്ടിന്‍ എന്നിവരെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞതായാണു വിവരം.ഇതിനിടെ, സംവിധായകന്‍ കൂടിയായ യുവനടന്‍റെ കാക്കനാട്ടെ ഫ്ലാറ്റില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തു.പിടിയിലായ ആളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇരയായ നടിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടിലെ ഫൊറന്‍സിക് തെളിവുകളുടെ അഭാവം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നു പൊലീസിന് ആശങ്കയുണ്ട്. ഇത്തരം കേസുകളില്‍ ആക്രമിക്കപ്പെട്ടയാളുടെ വസ്ത്രങ്ങള്‍, നഖത്തിന്‍റെ അഗ്രഭാഗം എന്നിവ ശേഖരിക്കണം. എന്നാല്‍ ആക്രമണം നടന്ന അന്നു രാത്രി ഇവ ശേഖരിച്ചില്ല. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ആക്രമണം നടക്കുന്നത്. പിറ്റേന്നു പുലര്‍ച്ചെ നാലിനാണു നടിയെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചത്.
സംഭവത്തിന്‍റെ ഗൗരവം പൊലീസ് അറിയിച്ചിട്ടും മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക്, ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്. അപാകതകള്‍ മൂലം അന്തിമ റിപ്പോര്‍ട്ട് ഇതുവരെ പൊലീസിനു കൈമാറിയട്ടില്ല. ആക്രമണമുണ്ടായി രണ്ടു മണിക്കൂറിനകം നടത്തിയാല്‍ മാത്രം ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുന്ന പല പരിശോധനകളും എട്ടു മണിക്കൂറിനു ശേഷമാണു ചെയ്തത്. ഇതു ഡിഎന്‍എ പരിശോധനാ ഫലത്തെ ബാധിക്കും.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്‍പുതന്നെ പാലക്കാട്ട് അറസ്റ്റിലായ തമ്മനം സ്വദേശി മണികണ്ഠന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണത്തില്‍ നേരിട്ടു പങ്കില്ലെന്നും ആള്‍ബലത്തിനു സുനിക്കൊപ്പം കൂടിയെന്നുമാണു മൊഴി. ഉപദ്രവിച്ചവരുടെ കൂട്ടത്തില്‍ ഇയാളില്ലെന്നു നടിയും തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റൊരു ദിവസത്തേക്കു പരിഗണിക്കാന്‍ മാറ്റിയതോടെ, ഒളിവില്‍ കഴിയുന്ന സുനി, വി.പി.വിജീഷ് എന്നിവര്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ സുനി അറസ്റ്റിലായതായി വിവരമുണ്ടെങ്കിലും അന്വേഷണ സംഘം നിഷേധിച്ചു.