Wednesday, December 11, 2024
HomeKeralaകാന്‍സര്‍ ഭീഷണി തടയാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി

കാന്‍സര്‍ ഭീഷണി തടയാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി

കാന്‍സര്‍ ഭീഷണി തടയാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി
പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന കാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങളുടെ ഭീഷണി വൈദ്യശാസ്ത്ര സമൂഹവും പൊതുസമൂഹവും സര്‍ക്കാരും എല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലേ ഫലപ്രദമായി നേരിടാനാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാന്‍സര്‍ വ്യാപനം വര്‍ധിക്കുന്നു എന്നതാണ് വസ്തുത. റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ തന്നെ പ്രതിവര്‍ഷം 55,000 പുതിയ രോഗികള്‍ രജിസ്റ്റര്‍ ചെയ്യുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങള്‍ക്ക് ഗുണകരമായ പങ്കു വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ഇന്‍ഫോസിസ് ചെയര്‍ രൂപീകരിക്കുന്നതിന് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ നല്‍കുന്ന 5.25 കോടിയുടെ എന്‍ഡോവ്‌മെന്റ് ഫണ്ട് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഫണ്ട് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കൈമാറി. ജനങ്ങള്‍ക്ക് ലഭിക്കുന്ന ക്ഷേമ പരിരക്ഷകള്‍ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കും. സാമ്പത്തിക പരിമിതികള്‍ക്കുളളില്‍നിന്ന് ആരോഗ്യമേഖലയിലെ കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ആരോഗ്യവകുപ്പുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വിജ്ഞാന കൈമാറ്റത്തിന് സാധ്യതകള്‍ തുറക്കുന്നതാണ് ചെയറിന്റെ രൂപീകരണമെന്ന് മന്ത്രി പറഞ്ഞു. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായി. കൗണ്‍സിലര്‍ സിന്ധു.എസ്.എസ്, ആര്‍.സി.സി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റിയന്‍, അഡീഷണല്‍ ഡയറക്ടര്‍ ഡോ.കുസുമ കുമാരി, ഇന്‍ഫോസിസ് ഡെവലപ്‌മെന്റ് സെന്റര്‍ ഹെഡ് സുനില്‍ ജോസ് എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments