വീട്ടമ്മയുടെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തുകയും കുളിക്കടവിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുംചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റിനെതിരെ കേസെടുത്തു. ബിജെപി കുന്നുകര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുകൂടിയായ കുറ്റിപ്പുഴ അകത്തൂട്ട് ദീപക് അശോകനെതിരെ (35) വീട്ടമ്മയുടെ പരാതിയില്‍ ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്. ഇയാളും കൂട്ടാളി രഞ്ജിത്തുമടക്കമുള്ള പ്രതികള്‍ ഒളിവിലാണ്.
കുറ്റിപ്പുഴ സ്വദേശിനിയായ വീട്ടമ്മ ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വീട്ടമ്മയുടെ അടുത്ത വീട്ടിലെ താമസക്കാരനായ രഞ്ജിത്തിന്റെ വീട്ടില്‍ ദീപക് അടങ്ങുന്ന സംഘം ദിവസവും രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കുമായിരുന്നു. ഒരുവശം തളര്‍ന്നുകിടക്കുന്ന ഭര്‍ത്താവിന് ശല്യമായതോടെ വീട്ടമ്മ രഞ്ജിത്തിന്റെ വീട്ടിലെത്തി ഇത് ചോദ്യംചെയ്തു. പ്രശ്നം നാട്ടുകാര്‍ അറിഞ്ഞത് സംഘത്തിന് നാണക്കേടായി.
അതിനുശേഷമാണ് ദീപക് ഉള്‍പ്പെടെ ഒരുസംഘം നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങിയത്. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ചിത്രമെടുക്കുകയും കുളിക്കടവിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഈ ചിത്രമുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയായ കല്ലട വിജയന്റെ ബന്ധുവായ എസ്ഐയെ സ്വാധീനിച്ച് കേസ് ദുര്‍ബലപ്പെടുത്താനും ശ്രമം നടന്നിരുന്നു. തുടര്‍ന്ന് എസ്പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. ഇതേത്തുടര്‍ന്നാണ് ദീപക്കും സംഘാംഗങ്ങളും ഒളിവില്‍പ്പോയത്.