ഡല്‍ഹി എ.ടി.എമ്മില്‍ 2000 ത്തിന്റെ വ്യാജ നോട്ട്
ഡല്‍ഹിയില്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്ന് പണം പിൻവലിച്ച ഇടപാടുകാരന് ലഭിച്ചത് രണ്ടായിരത്തിന്‍റെ വ്യാജ നോട്ടുകള്‍. പുതിയ 2000 നോട്ടുമായി നിറത്തിലോ രൂപത്തിലോ യാതൊരു വ്യത്യാസവും ഇല്ലാത്ത നോട്ടുകള്‍ കുട്ടികളുടെ സര്‍ക്കാരിന്‍റെ പേരിലാണ് തയ്യാറാക്കിയിരിക്കുന്നത്.
ഫെബ്രുവരി 6 ന് ഡല്‍ഹിയിലെ സംഗം വിഹാറിലെ എസ്ബി.ഐ എ.ടി.എമ്മില്‍ നിന്നാണ് ഇത്തരത്തിലുള്ള നാലു നോട്ടുകളാണ് പണം പിൻവലിച്ച ഇടപാടുകാരന് ലഭിച്ചത്. ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ എഴുതിയിരിക്കുന്നത്. കുട്ടികളുടെ സര്‍ക്കാര്‍ ഉറപ്പുതരുന്ന പണം എന്നും വിശേഷിപ്പിച്ചിരിക്കുന്നു. മോഷ്ടിക്കാവുന്നത് എന്ന അറിയിപ്പുള്ള നോട്ടുകളുടെ സീരിയല്‍ നമ്പര്‍ പൂജ്യം ആണ്.
ആര്‍.ബി.ഐ ഗവര്‍ണറുടെ ഒപ്പ് നോട്ടില്‍ ഇല്ല. ആര്‍.ബി.ഐ ലോഗോയ്ക്ക് പകരം പി.കെ ലോഗോയാണ് നല്‍കിയിരിക്കുന്നത്. ഇങ്ങനെ നോട്ടിന്‍റെ പത്ത് അടയാളങ്ങളില്‍ പരിഹാസം കലര്‍ന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എടിഎമ്മില്‍ നിന്ന് നാലു വ്യാജനോട്ടുകള്‍ ലഭിച്ചുവെന്ന പരാതിയില്‍ പൊലീസ് എത്തുകയും എസ്ഐ എടിഎം ഉപയോഗിച്ച് നടത്തിയ പിന്‍വലിക്കലില്‍ വീണ്ടുമൊരു വ്യാജ നോട്ട് ലഭിക്കുകയുമായിരുന്നു.
കോള്‍ സെന്‍റെര്‍ ജീവനക്കാരനായ രോഹിത് എന്ന യുവാവിനാണ് വ്യാജനോട്ടുകള്‍ ലഭിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് എസ്ബിഐ വക്താവ് അറിയിച്ചിട്ടുണ്ട്.