വാഹനപ്പെരുപ്പം മൂലമുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ പുതിയ നയരൂപീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചുകളയുന്നതു സംബന്ധിച്ച നയം ഉടനുണ്ടാവുമെന്നു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നീതി ആയോഗിന്റെ സഹകണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുത്തന്‍ നയത്തിന് അന്തിമ രൂപമായിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി. നിരത്തിലെത്തി 15 വര്‍ഷമോ അതിലധികമോ ആയ വാഹനങ്ങള്‍ പിന്‍വലിച്ചു പൊളിച്ചു കളയാനാണു പദ്ധതി. ഈ വാഹനങ്ങള്‍ പൊളിക്കുമ്പോള്‍ ലഭിക്കുന്ന വസ്തുക്കള്‍ പുതിയ കാറുകളുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളാക്കി മാറ്റും. റബര്‍, പ്ലാസ്റ്റിക്, അലൂമിനിയം, ചെമ്പ് തുടങ്ങി പഴയ വാഹനങ്ങളില്‍ ലഭിക്കുന്ന വിവിധ വസ്തുക്കള്‍ പുതിയവയുടെ നിര്‍മാണത്തിന് ഉപയോഗിക്കാനാണ് നീക്കം. പഴയ വാഹനങ്ങള്‍ സ്വമേധയാ പിന്‍വലിക്കുകയോ പൊളിച്ചു നീക്കുകയോ ചെയ്യുന്നതിനുള്ള വൊളന്ററി വെഹിക്കിള്‍ ഫ്‌ളീറ്റ് മോഡേണൈസേഷന്‍ പ്രോഗ്രാം(വി – വി എം പി) എന്ന പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച കുറിപ്പ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സെക്രട്ടറിതല സമിതിക്കു കൈമാറിയിരുന്നു. 15 വര്‍ഷത്തിലധികം പഴക്കമുള്ള 2.80 കോടി വാഹനങ്ങള്‍ പിന്‍വലിക്കാനാണു വി – വി എം പി പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. പദ്ധതിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചതായും ഗഡ്കരി വ്യക്തമാക്കി.