പത്ര പരസ്യങ്ങളില്‍ മീണ സ്വന്തം ചിത്രം വെച്ചു; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുന്ന വേളയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ അദ്ദേഹത്തിന്റെ പക്കല്‍ തന്നെ പരാതി ലഭിച്ചിരിക്കുന്നത്. പത്ര പരസ്യങ്ങളില്‍ മീണ സ്വന്തം ചിത്രം വെച്ചത് സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് ടിക്കാറാം മീണയ്ക്ക് എതിരെ പരാതി നല്‍കിയത്.സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ചുള്ള സുപ്രീം കോടതി ഉത്തരവ് മീണ ലംഘിച്ചെന്നാണ് പരാതി. ഏപ്രില്‍ 21-ന് മലയാളമടക്കമുള്ള എല്ലാ ഭാഷാ ദിനപത്രങ്ങളിലും നല്‍കിയ പരസ്യത്തില്‍ ടിക്കാറാം മീണയുടെ ചിത്രങ്ങളുണ്ടായിരുന്നു. മീണയ്ക്ക് തന്നെയാണ് മീണയ്ക്ക് എതിരായ പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പരാതികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത് എന്നതിനാലാണ് മീണയ്ക്ക് തന്നെ പരാതി നല്‍കിയിരിക്കുന്നത്.

ഈ സംഭവം പുറത്താകുന്നതിന് മുന്‍പാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ ടിക്കാറാം മീണ രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമശങ്ങള്‍ നടത്തിയ ശേഷം ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് ടിക്കാറാം മീണ പറഞ്ഞു.എന്നാല്‍ അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരന്‍ പിള്ളയുടെ പതിവെന്നും ടിക്കാറാം മീണ വിമര്‍ശിച്ചു. ശ്രീധരന്‍പിള്ളയുടേത് ഇരട്ടത്താപ്പാണെന്നും ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.