ജൂലൈ ഒന്നു വരെയുള്ള ദിനങ്ങൾ വില കുറച്ചാലും ഇല്ലെങ്കിലും ഉപഭോക്താവിന്റെ ദിവസങ്ങളാണ്. നാട്ടിൻപുറത്തെ സൂപ്പർമാർക്കറ്റുകൾ മുതൽ ഓൺലൈൻ സൈറ്റുകൾ വരെ സ്റ്റോക്ക് ക്ലിയറൻസ് മേള നടക്കുകയാണ്. നിലവിലുള്ള സ്റ്റോക്ക് എങ്ങനെയും വിറ്റഴിച്ചു ജിഎസ്ടിയുടെ പുതുലോകത്തേക്കു സ്വസ്ഥമായി ചുവടു വയ്ക്കാം എന്ന ചിന്തയാണു വ്യാപാരികളെ ഇതിനു പ്രേരിപ്പിക്കുന്നത്.
ജിഎസ്ടി ചില ഉൽപന്നങ്ങൾക്കു വില കുറയ്ക്കുകയും ചിലതിനു കൂട്ടുകയും ചെയ്യും. ഒരേ ഉൽപന്നം രണ്ടു വിലയിൽ വിൽക്കുന്നതു ബുദ്ധിമുട്ടാണ്. അപ്പോൾ പിന്നെ ചെയ്യാവുന്നതു ജൂലൈ ഒന്നിനു മുൻപു പരമാവധി വിറ്റഴിക്കുക. സോപ്പ്, പൗഡർ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന എഫ്എംസിജി കമ്പനികൾ തങ്ങളുടെ വിൽപ്പനക്കാർക്കു പരമാവധി ലാഭം കൂട്ടിനൽകി വിൽപന പ്രോൽസാഹിപ്പിക്കുന്നു.
ഹിന്ദുസ്ഥാൻ യൂണിലിവർ, വിപ്രോ, ഡാബർ തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ റീട്ടെയ്‌ലർമാർക്കു വൻ ഓഫറുകൾ നൽകി ഉൽപന്നങ്ങൾ വിറ്റഴിക്കുന്നു. എഫ്എംസിജി ഉൽപന്നങ്ങളിൽ പലതിന്റെയും വില രണ്ടുമുതൽ ആറു ശതമാനം വരെ കുറയും. ഹെയർ ഓയിൽ, സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവയുടെ നികുതി 18% എന്ന് ജിഎസ്ടി കൗൺസിൽ നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ ഇവയ്ക്ക് 22–24% നികുതിയാണ് ഈടാക്കുന്നത്.
കാർ വിപണിയിലാണു വിറ്റഴിക്കലിന്റെ മഹാമേള നടക്കുന്നത്. പലരും ഓഫറായി നേരിട്ട് അവതരിപ്പിക്കുന്നില്ല. ഡീലർമാർക്ക് ഇളവുകൾ നൽകി വിറ്റഴിക്കലിനു പ്രേരിപ്പിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി 25000– 35000 രൂപനിരക്കിൽ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്ര സ്കോർപിയോയ്ക്ക് 27000, എക്സ്‌യുവി 500ന് 90000 രൂപ വരെ ഇളവു നൽകുന്നു.
ജൂൺ 30 വരെയാണ് ഈ ഓഫറുകൾ. ജിഎസ്ടി നടപ്പായശേഷം വില കുറയുമെന്ന പ്രതീക്ഷയിൽ ഉപയോക്താക്കൾ മാറിനിൽക്കുന്നത് ഒഴിവാക്കാനാണ് വിലക്കുറവിന്റെ മഹാമേള സംഘടിപ്പിക്കുന്നത്. ജർമൻ ആഡംബര കാർ നിർമാതാവായ ഔഡി ഇന്ത്യയിലെ മോഡലുകൾക്ക് 10 ലക്ഷം രൂപവരെ കുറവു പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്‍ഷോറും വിലയിൽ 12 % വരെ കുറവാണ് ബിഎംഡബ്ല്യു പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിർമിക്കുന്ന കാറുകൾക്ക് 7 ലക്ഷം രൂപ വരെയാണു ബെൻസ് കുറച്ചത്. ഇരുചക്ര വാഹന വിപണിയിൽ റോയൽ എൻഫീൽഡ്, ബജാജ് തുടങ്ങിയ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചു. വസ്ത്ര വിപണിയിലാണെങ്കിൽ വുഡ്‌ലാൻഡ്സ് അതിന്റെ ചില ഉൽപന്നങ്ങൾക്ക് 40% വരെ നിലവിൽ ഇളവുനൽകുന്നു. ലീവൈ പല നഗരങ്ങളിലും ഒന്നെടുത്താൽ ഒന്നു ഫ്രീ എന്ന തോതിലാണു വിൽപന നടത്തുന്നത്. പാദരക്ഷാരംഗത്ത് റീബക്, ബാറ്റാ തുടങ്ങിയ കമ്പനികൾ 50% വരെ ഡിസ്കൗണ്ട് നൽകുന്നു.
∙ കാരണങ്ങൾ പലതാണ്
നിലവിലെ വിറ്റഴിക്കൽ മേളകൾക്കു പല കാരണങ്ങളാണു വിപണി ചൂണ്ടിക്കാട്ടുന്നത്. വിലയിലുണ്ടാകാവുന്ന മാറ്റം, നിയമം സർക്കാർ കർശനമായി നടപ്പാക്കുമെന്ന ഭീതി, നികുതി നിർണയത്തിലെ നൂലാമാലകൾ ഒഴിവാക്കുക തുടങ്ങിയവയെല്ലാം കാരണങ്ങളാണ്. ആഡംബര കാർ നിർമാതാക്കളുടെ കാര്യംതന്നെ എടുക്കാം. ജിഎസ്ടിയിൽ ആഡംബര കാറുകളുടെ വില കുറയാനാണു സാധ്യത. എന്നിട്ടും അവർ നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാൻ തിരക്കുകൂട്ടുന്നതിനു പല കാരണങ്ങളുണ്ട്. ഇപ്പോൾ ഡിസ്കൗണ്ടിൽ വിൽക്കുന്നതിനേക്കാൾ കുറവായിരിക്കും ഒന്നാം തീയതിക്കു ശേഷമുള്ള വില എന്നതുതന്നെ മുഖ്യ കാരണം.
ആഡംബര കാറുകൾക്ക് 28% ജിഎസ്ടിയും 15% സെസ്സും ചേർന്നാലും നിലവിലുള്ള വിലയേക്കാൾ 1.5– 4.5% കുറവായിരിക്കുമെന്നാണു വിലയിരുത്തൽ. അതായത് 50 ലക്ഷം രൂപ വിലയുള്ള കാറിന് 75000 രൂപ മുതൽ 2.25 ലക്ഷം രൂപവരെ കുറവു വരാം. പഴയ സ്റ്റോക്ക് പഴയ വിലയ്ക്കുതന്നെ വിറ്റാൽ പിടിവീഴുമോ എന്ന പേടിയും വിറ്റഴിക്കലിനു കാരണമാണ്. ജിഎസ്ടിയുടെ ലാഭം ഉപയോക്താവിനു കൈമാറിയില്ലെങ്കിൽ കനത്തപിഴയോ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളോ നേരിടേണ്ടിവരാം. ഇത്തരം പൊല്ലാപ്പുകൾ ഒഴിവാക്കുന്നതിനുള്ള എളുപ്പവഴി പഴയ സ്റ്റോക്ക് വിറ്റഴിക്കുകതന്നെ.
പഴയ സ്റ്റോക്ക് എന്തുചെയ്യും എന്ന വ്യക്തതയില്ലായ്മയും വിറ്റഴിക്കലിനു പ്രേരണയാകുന്നു. ജൂലൈ ഒന്നിനു ശേഷം പഴയ സ്റ്റോക്ക് എന്തു ചെയ്യും എന്ന ആശയക്കുഴപ്പം ചെറുതല്ല. കച്ചവടക്കാരൻ ജിഎസ്ടി റജിസ്റ്റർ ചെയ്തിട്ടുണ്ടോ, ഉൽപന്നത്തിന്റെ ഏതുതലത്തിലുള്ള കച്ചവടക്കാരനാണു തുടങ്ങി പല കാര്യങ്ങൾ ഇവിടെ പ്രസക്തമാണ്. നികുതി ഇനത്തിലുള്ള നഷ്ടം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനത്തിൽ തിരിച്ചെടുക്കാം എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിനും നൂലാമാലകൾ ഏറെയാണ്. പുതിയ സംവിധാനത്തിൽ ആദ്യംമുതൽ തുടങ്ങുന്നതല്ലേ നല്ലത് എന്ന ചിന്തയാണു മിക്കവർക്കും.