ക്ഷയരോഗികളുടെ എണ്ണം തിട്ടപ്പെടുത്താൻ ആധാര്‍ നിര്‍ബന്ധമാക്കി . ക്ഷയരോഗം ഇന്ത്യയില്‍ ശക്തമായി തിരിച്ചുവന്നതായി ലോകാരോഗ്യ സംഘടന വിലയിരുത്തുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ക്ഷയരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള ചികിത്സയും സഹായവും ലഭിക്കണമെങ്കിൽ ആധാര്‍ നിര്‍ബന്ധമാണ്. ഓഗസ്റ്റ് 31നകം ആധാര്‍ നമ്പര്‍ ഹാജരാക്കാത്തവര്‍ക്ക് ആനുകൂല്യം ലഭിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. 2015ലെ കണക്കുപ്രകാരം രാജ്യത്ത് ലക്ഷത്തില്‍ 217 പേര്‍ ക്ഷയരോഗ ബാധിതരാണ്.
രോഗികളുടെ എണ്ണം തിട്ടപ്പെടുത്താനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് കേന്ദ്ര ടിബിവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സുനില്‍ ഖര്‍പഡെ പറഞ്ഞു. ക്ഷയരോഗികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ചെയ്യാന്‍ ‘നിക്ഷയ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനെ ആധാറുമായി കൂട്ടിയോജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ ലഭ്യമാക്കാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് പാവപ്പെട്ട രോഗികളെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ മേഖലയിലെ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ലോകത്തെ ക്ഷയരോഗബാധിതരില്‍ നാലിലൊന്നും ഇന്ത്യയിലാണ്. പ്രതിവര്‍ഷം 4.8 ലക്ഷം പേരെ രോഗം ബാധിക്കുന്നു. പ്രതിദിനം ഏകദേശം 1400 പേര്‍ മരിക്കുന്നു. ഈ സാഹചര്യത്തില്‍ ചികിത്സയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
പൊതുവിതരണ സംവിധാനം തകര്‍ത്തതുപോലെ പൊതുജനാരോഗ്യ മേഖലയും ദുര്‍ബലമാക്കാനാണ് ശ്രമമെന്ന് പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്റിലെ ഡോ. അമിത് സെന്‍ഗുപ്ത പറഞ്ഞു. കുടിയേറ്റത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടാന്‍ കേന്ദ്രതീരുമാനം കാരണമാകും.