11 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ഇരുപത്തിരണ്ടുകാരനായ സഹോദരന്‍ പീഡിപ്പിച്ചു

rape

11 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ഇരുപത്തിരണ്ടുകാരനായ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു. തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞത് സ്‌കൂളിലെ കൗണ്‍സിലിങ്ങിൽ. തിരിച്ചറിവ് ലഭിച്ച പെണ്‍കുട്ടി തനിക്ക് നേരിട്ട ദൂരനുഭവത്തെപ്പറ്റി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത് . പഞ്ചാബിലെ ഖരാര്‍ സ്വദേശിനിയായ മൂന്നാം ക്ലാസ്സുകാരിയാണ് തന്നെ മുതിര്‍ന്ന സഹോദരന്‍ ചൂഷണം ചെയ്യാറുണ്ടായിരുന്നെന്ന് സുഹൃത്തിനോട് വെളിപ്പെടുത്തിയത്. സുഹൃത്ത് പറഞ്ഞ് കാര്യങ്ങളറിഞ്ഞ അദ്ധ്യാപകര്‍ പൊലീസില്‍ പരാതി നല്കുകയും സഹോദരന്‍ അറസ്റ്റിലാവുകയും ചെയ്തു. 11 മക്കളില്‍ ഏറ്റവും ഇളയവളാണ് പെണ്‍കുട്ടി. അറസ്റ്റിലായ സഹോദരന് 22 വയസ്സുണ്ട്. മെക്കാനിക്കായ ഇയാള്‍ വര്‍ക് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇയാള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയും അമ്മയും കഴിഞ്ഞിരുന്നത്. മറ്റ് മക്കളൊക്കെ ജോലിസംബന്ധമായി വിവിധ സ്ഥലങ്ങളിലാണ് താമസം. പിതാവ് കുടുംബത്തെ ഉപേക്ഷിച്ച്‌ പോയതാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 18 മാസമായി പെണ്‍കുട്ടിയെ സഹോദരന്‍ പീഡിപ്പിക്കുകയായിരുന്നു. രാവിലെ അമ്മ ജോലിക്ക് പോയിക്കഴിയുമ്ബോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നത്. വിവരം അമ്മയോട് പറഞ്ഞപ്പോള്‍ കുട്ടിയുടെ തോന്നലാണെന്ന് പറഞ്ഞതായി പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞു. എന്നാല്‍, സംഭവം നേരില്‍ക്കാണാനിടയായതോടെ അമ്മ മകനെ വീട്ടില്‍ നിന്ന് പുറത്താക്കിയതായും പൊലീസ് പറഞ്ഞു. വിവരം ആരോടും പറയരുതെന്ന് പെണ്‍കുട്ടിയോട് നിര്‍ദേശിക്കുകയും ചെയ്തു. അതനുസരിച്ച പെണ്‍കുട്ടി സ്‌കൂളിലെ ബോധവല്‍ക്കരണ ക്ലാസ്സിന് ശേഷമാണ് കാര്യങ്ങള്‍ സുഹൃത്തിനോട് പങ്കുവച്ചത്.