കാളയുടെ കുത്തേറ്റ് രണ്ടുമരണം; ജെല്ലിക്കെട്ട് പ്രക്ഷോഭം തുടരുന്നു

ജെല്ലിക്കെട്ട് പ്രക്ഷോഭം

സുപ്രീംകോടതി വിലക്കിയ ജെല്ലിക്കട്ട് വിധിയെ മറികടക്കാന്‍ തമിഴ്‌നാട് തയ്യാറാക്കിയ കരട് ഓര്‍ഡിനന്‍സ് ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. ആഭ്യന്തര, നിയമ, വനംപരിസ്ഥിതി മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കുശേഷം ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. ശനിയാഴ്ച രാഷ്ട്രപതിയുടെ അനുമതി ലഭിക്കുമെന്ന് മുഖ്യമന്ത്രി പനീര്‍സെല്‍വം പറഞ്ഞു. തടസ്സം നീക്കാന്‍ സാധ്യമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ തമിഴ്ജനതയുടെ സാംസ്കാരിക തനിമ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു. എന്നാൽ ഞായറാഴ്ചയായിട്ടും പതിനായിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം തുടരുകയാണ്. യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണ ഇല്ലാതെയാണ് ഇത്രവലിയ പ്രക്ഷോഭം നടക്കുന്നത്. വിദ്യാര്‍ത്ഥികളും സാധാരണക്കാരും സിനിമ രംഗത്തെ പ്രമുഖരും പ്രക്ഷോഭത്തില്‍ അണിനിരക്കുന്നുണ്ട്. അടുത്തയാഴ്ച സുപ്രീം കോടതി വിധി വരും വരെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് ഓര്‍ഡിനന്‍സ് എന്നാണ് അവര്‍ പറയുന്നത്. നിയമം ഉണ്ടാകാതെ ജെല്ലിക്കെട്ട് നടത്താന്‍ പറ്റില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതിനിടെയാണ് ഇതിനിടെയാണു പുതുക്കോട്ടയിൽ രണ്ടുപേർ കാളയുടെ കുത്തേറ്റു കൊല്ലപ്പെടുകയും 83 പേർക്ക് പരുക്കേൽക്കുകയും ചെയ്തത്.