ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

കൊല്ലം കുണ്ടറ സ്വദേശിനിയായ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ ഇരുപതുകാരന്‍ അടക്കം മൂന്നു യുവാക്കള്‍ ബലാല്‍സംഗം ചെയ്തു. കുണ്ടറയില്‍ നിന്ന് കാറില്‍ തിരുവനന്തപുരം പാലോട് എത്തിച്ചായിരുന്നു പീഡനം. പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജെസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറ സ്വദേശിനിയായ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ കുണ്ടറയില്‍ നിന്ന് തിരുവനന്തപുരം പാലോട് എത്തിച്ച് ബലാല്‍സംഗം ചെയ്ത കേസിലാണ് അറസ്റ്റ്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ജസീറാണ് പ്രണയം നടിച്ച് വലയിലാക്കിയത്. കഴിഞ്ഞ ശനി ഉച്ചയോടെ പ്രതികള്‍ കുണ്ടറയിലെത്തി പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
നിയാസിന്റെ കാറിലായിരുന്നു പാലോട്ടേക്കുളള യാത്ര. പാലോട് പെണ്‍‌കുട്ടിയെ പീഡിപ്പിക്കാന്‍ നൗഫലാണ് വീട് തരപ്പെടുത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി ലഭിച്ചതോടെ കുണ്ടറ പൊലീസ് അതിവിദ്ഗമായി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പ്രതികളില്‍ നിന്ന് രക്ഷപെടുത്താന്‍ കഴിഞ്ഞത്. കഠിനംകുളം സ്റ്റേഷനില്‍ അടിപിടി, കൊലപാതകം, ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ജസീര്‍, ഹൈവേയിലെ അതിക്രമം, പിടിച്ചുപറിക്കേസുകളില്‍ പ്രതിയാണ് നൗഫല്‍. സമൂഹമാധ്യമങ്ങള്‍ വഴി വലവിരിച്ച് പെണ്‍കുട്ടികളെ കെണിയിലാക്കി ബലാംല്‍സംഗം ചെയ്യുന്ന ക്രിമിനല്‍ സംഘത്തിലേക്കാണ് ഇൗ അന്വേഷണം എത്തിയിരിക്കുന്നത്. കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും കുണ്ടറ പൊലീസ് അന്വേഷിക്കുന്നു.