റേഷന്‍: ഭക്ഷ്യവിഹിതം പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തെ സമീപിക്കും

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന അരിവിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍വകക്ഷി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയമം നടപ്പാക്കുംമുമ്പ് കേരളത്തിന് ലഭിച്ചിരുന്ന അരിവിഹിതത്തില്‍ രണ്ടുലക്ഷത്തോളം മെട്രിക് ടണ്‍ കുറവുണ്ട്. നേരത്തെ 16 ലക്ഷം മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 14.2 മെട്രിക് ടണ്‍ അരിയാണ് നല്‍കുന്നത്. ലഭിച്ചുകൊണ്ടിരുന്ന അരിവിഹിതം തുടരണമെന്നാണ് സര്‍വകക്ഷി യോഗത്തില്‍ പൊതുഅഭിപ്രായമുയര്‍ന്നത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാകുന്നതോടെ കേരളത്തില്‍ ഉണ്ടായിരുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം ഫലത്തില്‍ ഇല്ലാതായ അവസ്ഥയാണ്. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മുന്‍ഗണനാ ലിസ്റ്റില്‍ ഉയര്‍ന്ന പരാതികള്‍ പരിശോധിച്ചുവരികയാണ്. ലിസ്റ്റില്‍ എണ്ണം നിശ്ചയിച്ചിട്ടുള്ളതിനാലാണിങ്ങനെ സംഭവിച്ചത്. പട്ടിക അന്തിമമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തും. അതോടൊപ്പം റേഷന്‍ മൊത്ത വ്യാപാരം സര്‍ക്കാരിന്റെ ചുമതലയില്‍ നിര്‍വഹിക്കും. റേഷന്‍ കടകളിലും നിയമം നടപ്പാക്കുന്നതിനായി ക്രമീകരണങ്ങളും പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വരള്‍ച്ച നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 991.54 കോടി രൂപ അധികസഹായം അനുവദിക്കണമെന്ന് കേന്ദ്രത്തോട് സര്‍ക്കാര്‍ ആവശ്യപ്പെടും. ഇതിനായി പ്രത്യേക നിവേദനം നല്‍കും. ഏറ്റവും രൂക്ഷമായ വരള്‍ച്ച നേരിടുന്നതിനാല്‍ ദുരുപയോഗം ഉണ്ടാകാത്ത രീതിയില്‍ വിനിയോഗം ക്രമീകരിക്കണം. വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. പുതുതായി കുടിവെള്ള കിയോസ്‌കുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു കിയോസ്‌ക് കൊണ്ടുമാത്രം ഒരു പ്രദേശത്തെ പ്രശ്‌നം തീര്‍ക്കാനാവില്ല. അതിനാല്‍, ആവശ്യമായ സ്ഥലങ്ങളിലെല്ലാം കുടിവെള്ളം ടാങ്കറില്‍ എത്തിക്കുന്ന സംവിധാനവും വ്യാപകമായി തുടരും. ഒക്‌ടോബര്‍-നവംബര്‍ മാസത്തോടെ തന്നെ തടയണകള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇനിയും എവിടെയെങ്കിലും ആവശ്യമെങ്കില്‍ നിര്‍മ്മിക്കും. ഉള്ള ജലം മലിനമാകാതെ സൂക്ഷിക്കണമെന്നത് പ്രധാനമാണ്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കിണറുകളും കുളങ്ങളും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കുഴല്‍ക്കിണറുകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ നിര്‍മ്മിക്കാന്‍ അനുവദിക്കും. എന്നാല്‍, വ്യാവസായികാടിസ്ഥാനത്തില്‍ ജലവിതരണത്തിന് കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരം നടപടി അനുവദിക്കില്ല. ഭൂഗര്‍ഭജലം വലിയ തോതില്‍ കുറഞ്ഞതിനാല്‍ കുഴല്‍ക്കിണറുകള്‍ അനിയന്ത്രിതമായി പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡങ്ങള്‍ നിശ്ചയിച്ചതായും അദ്ദേഹം അറിയിച്ചു. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ത്ത മാനദണ്ഡങ്ങളാണ്. അതിനാല്‍ പരാതി ഒഴിവാക്കാനാകും. കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനപ്രകാരമുള്ള വനപ്രദേശമല്ലാത്ത 886.7 ചതുരശ്ര കിലോമീറ്റര്‍ മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രത്തെ അറിയിക്കും. ഇക്കാര്യത്തില്‍ നിയമവ്യവസ്ഥയില്‍ മാറ്റം വേണമെങ്കില്‍ വരുത്താന്‍ തയാറാണ്. ജനവാസ സ്ഥലങ്ങളുമായി മേഖല ഇടകലര്‍ന്നതിനാല്‍ ജനങ്ങള്‍ക്ക് ആശങ്കയുള്ളതിനാലാണിത്. ബാക്കി വനമേഖലയായ 9107 ചതുരശ്ര കിലോമീറ്റര്‍ ഭാഗം ഇ.എസ്.ഐ ആയി നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, ഡോ. കെ.ടി ജലീല്‍, പ്രൊഫ: സി. രവീന്ദ്രനാഥ്, ഡോ. തോമസ് ഐസക്, ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും വിവിധ കക്ഷി നേതാക്കളായ നിയമസഭാ സാമാജികര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.