അഡ്വ. ജനറല്‍ സി.പി.സുധാകര പ്രസാദിനു കാബിനറ്റ് പദവി നല്‍കുമെന്ന് മന്ത്രിസഭായോഗ തീരുമാനം

advocate general sudhakara

അഡ്വ. ജനറല്‍ സി.പി.സുധാകര പ്രസാദിനു കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് പദവി നല്‍കുന്നത്.

നിയമവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. രണ്ടുമാസം മുമ്ബ് ഇത്തരത്തിലുള്ള ഒരു നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ വിവിധകോണുകളില്‍നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ കൈകാര്യം ചെയ്യുന്നതും സര്‍ക്കാരിനു നിയമോപദേശം നല്‍കുന്നതും അഡ്വ. ജനറലാണ്. സുപ്രധാന കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരാകുന്നതും അഡ്വ.ജനറലാണ്.

സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്റ്റാന്‍ഡിങ് കൗണ്‍സിലിനു നിര്‍ദേശങ്ങള്‍ നല്‍കുന്നതും കേസുകളില്‍ ഏതെല്ലാം അഭിഭാഷകര്‍ ഹാജരാകണമെന്നു തീരുമാനിക്കുന്നതും അഡ്വ.ജനറലാണ്. 5 വര്‍ഷമാണു കാലാവധി.

2016ലാണ് അഭിഭാഷകവൃത്തിയില്‍ 55 വര്‍ഷത്തെ അനുഭവ സമ്ബത്തുള്ള സി.പി.സുധാകര പ്രസാദിനെ അഡ്വ. ജനറലായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല സ്വദേശിയാണ്. മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷനുമായ വി.എസ്.അച്യുതാനന്ദന്‍, മുന്നോക്കക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള, ചീഫ് വിപ്പ് കെ.രാജന്‍, ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി എ.സമ്ബത്ത് എന്നിവര്‍ക്ക് നിലവില്‍ കാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്.